അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണം: എം ബി രാജേഷ്

തിരുവനന്തപുരം: ആക്രമണകാരികളും മനുഷ്യജീവന് ഭീഷണിയാകുന്നതുമായ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരമുണ്ടാകണമെങ്കില്‍ എബിസി (അനിമൽ ബർത്ത് കണ്‍ട്രോൾ) ചട്ടങ്ങളില്‍ കേന്ദ്രം കാര്യമായ ഇളവുകള്‍ വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സമീപനം മാറേണ്ടതുണ്ടെന്നും മാലിന്യം തെരുവുകളില്‍ വലിച്ചെറിയുന്നതിലുള്‍പ്പെടെ മാറ്റം വരുത്തണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തില്‍ 2017 മുതല്‍ തെരുവുനായ നിയന്ത്രണപദ്ധതി നടപ്പാക്കിയിരുന്നു. എണ്ണൂറിലധികം എബിസി കേന്ദ്രങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ്. ഹൈക്കോടതി വിധി പ്രകാരം കുടുംബശ്രീ നടത്തിയിരുന്ന എബിസി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കഴിയാതെവന്നു. എബിസി കേന്ദ്രങ്ങള്‍ക്ക് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരമില്ല എന്ന കാരണത്താലാണ് ഹൈക്കോടതി എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചത്.

അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഓപ്പറേഷന്‍ തിയറ്റര്‍ വേണം, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെയുളള ഒരുപാട് സംവിധാനങ്ങള്‍ വേണം, 7 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള ഡോക്ടറുണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ എബിസി കേന്ദ്രങ്ങള്‍ പാലിക്കണം. എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഹൈക്കോടതി വിലക്കുകയും ചെയ്തു. അത് കേരളത്തിലെ തെരുവുനായ നിയന്ത്രണത്തെ കാര്യമായി ബാധിച്ചു. ഈ ചട്ടങ്ങളനുസരിച്ച് ആകെ ചെയ്യാന്‍ കഴിയുന്നത് വന്ധ്യംകരണം മാത്രമാണ്. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ അവകാശമില്ല. എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതില്‍ പ്രാദേശികമായ എതിര്‍പ്പുകളുമുണ്ട്.’-എംബി രാജേഷ് പറഞ്ഞു.

തെരുവുനായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുകയെന്നത് കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. തെരുവുനായ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരമുണ്ടാകണമെങ്കില്‍ എബിസി ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ ഇളവ് വരുത്തണമെന്നും ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാനുളള അനുവാദം വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, മേയ് 8 3:40 PM

    കടിപിക്.എന്നിട്ട്.കുറച്ചുമരുന്ന്.കൊടുക്.രാജേഷ്.അതല്ലേ..നിൻ്റെയൊക്കെ.ജോലി..

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം