കപ്പൂർ: തൃത്താല മേഖലയിലെ മാധ്യമപ്രവര്‍ത്തകനായ പി.ബാബുവിന്‍റെ വീട്ടില്‍ കയറി ഭീഷണി മുഴക്കിയ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. സി.പി.എം ലോക്കല്‍ കമ്മറ്റിഭാരവാഹികളുടെ നേതൃത്വത്തില്‍ 22ന് ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കേസിനിടയാക്കിയ സംഭവം.
മുന്‍ ജനപ്രതിനിധിയും സി.പി.എം ഏരിയ കമ്മറ്റിയംഗം എം.പി കൃഷ്ണന്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി പ്രമോദ് ചന്ദ്രന്‍, കപ്പൂര്‍ പഞ്ചായത്തംഗം ഷെഫീഖ്, ബ്ലോക്ക് അംഗം റവാഫ്, പ്രവര്‍ത്തകനായ അജീഷ് എന്നിങ്ങനെ അഞ്ച് പേരേ പ്രതിചേര്‍ത്താണ് കേസെടുത്തത്.
22ന് രാവിലെ മാധ്യമം ഉള്‍പ്പടെവിവിധ പത്രങ്ങളില്‍ സി.പി.എം വിഭാഗീയത തുറന്നുകാട്ടി യോഗത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം തിരക്കിയാണ് സംഘം ലേഖകന്‍റെ വീട്ടില്‍ അതിക്രമിച്ചെത്തി ഭീഷണി മുഴക്കിയത്. വാര്‍ത്തയുടെ ഉറവിടം പറയാന്‍ കഴിയില്ലന്ന് ചെറുത്തുനിന്നെങ്കിലും വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഭീഷണി തുടര്‍ന്നതോടെ അവര്‍ ഉദ്ദേശിച്ചതായ മുസ്തഫ എന്നയാളുടെ പേര് പറയേണ്ടതായിവന്നു.
എന്നാല്‍ വാര്‍ത്തയുമായി അദ്ദേഹത്തിന് ബന്ധമില്ലന്നകാര്യ വസ്തുതയാണ്. അതോടെ സംഘം തിരിച്ചുപോകുകയും ചെയ്തു. തുടര്‍ന്ന് 23ന് തൃത്താല പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നിസംഗത പുലര്‍ത്തിയതോടെ കൂറ്റനാട് പ്രസ് ഫോറവും കെ.എം.പി.യു സംസ്ഥാന കമ്മറ്റിയും വിഷയത്തില്‍ ഇടപട്ടു. 28ന് വൈകീട്ട് അഞ്ച് മണിക്ക് പൊലീസ് ആദ്യമൊഴി രേഖപെടുത്തി. പരാതിക്കിടയാക്കിയകേസ് വസ്തുത ശരിയാണെന്ന് കണ്ടെത്തി. ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിച്ചശേഷം ആറാം തിയ്യതി വീണ്ടും മൊഴി രേഖപെടുത്തി എഫ്.ഐ.ആര്‍ ഇടുകയായിരുന്നു.