യുദ്ധഭീതിയേയും ആശങ്കകളേയും മറികടന്ന് മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് റെയിൽവേ മന്ത്രാലയം ട്രെയിൻ അനുവദിച്ചത്. ജമ്മു, ശ്രീനഗർ, ബാരാമുള്ള, പഞ്ചാബ്, ജലന്ധർ, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തിയ വിദ്യാർത്ഥികൾക്കാണ് ഈ ട്രെയിൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.
അതിനിടെ അതിർത്തിയിലെ സംഘർഷബാധിത പ്രദേശത്തു നിന്നും മലയാളി വിദ്യാർത്ഥികൾ കൊച്ചിയിൽ തിരിച്ചെത്തി. ചണ്ഡീഗഡിലെയും പഞ്ചാബിലെയും വിവിധ സർവകലാശാലകളിൽ നിന്നുള്ള ഒരു സംഘം വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.
ചണ്ഡീഗഡ് സർവകലാശാല , കേന്ദ്ര സർവകലാശാല തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പതിനഞ്ചോളം വിദ്യാർത്ഥികൾ ആണ് നാട്ടിലേക്കെത്തിയത്. ഭൂരിഭാഗം വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത് ബിഎസ്എഫ് അതിർത്തിക്ക് സമീപം. ഉള്ളിൽ ഭയമുണ്ടെങ്കിലും സ്ഥിതി ശാന്തമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.തൃശ്ശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പരീക്ഷയിൽ ആശങ്കയുണ്ട് , എന്നാൽ ഓൺലൈൻ വഴി പരീക്ഷകൾ പൂർത്തീകരിക്കാമെന്ന് സർവകലാശാല ഉറപ്പുനൽകിയതായും വിദ്യാർത്ഥികൾ പറഞ്ഞു.
Tags
National