പാലക്കാട് ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് തൃത്താലയിൽ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അൻപോടെ തൃത്താലയുടെ ഭാഗമായുള്ള മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃത്താല പോലുള്ള ഗ്രാമീണ മേഖലയിൽ ആശങ്കകളെ അസ്ഥാനത്താക്കുന്ന ജനകീയ പങ്കാളിത്തമായിരുന്നു മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിലേത്. കക്ഷി രാഷ്ട്രീയത്തിനതീനമായി നടന്ന മെഡിക്കൽ ക്യാമ്പിനെ നാടൊന്നാകെയാണ് ഏറ്റെടുത്തത്. ഇത് നിരാലംബരും അശരണരുമായ നിരവധി രോഗികൾക്ക് കൈത്താങ്ങായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വട്ടേനാട് ജി വി എച്ച് എസ് സ്കൂളിൽ നടന്ന മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി റജീന അധ്യക്ഷയായി. പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപുറം മുഖ്യാതിഥിയായി.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി ബാലചന്ദ്രൻ, പി ബാലൻ, കെ മുഹമ്മദ്, ഷറഫുദ്ദീൻ കളത്തിൽ, പി കെ ജയ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മുൻ എംഎൽഎമാർ,അലോപ്പതി, ഹോമിയോപ്പൊതി, ആയുർവേദം ജില്ലാ മെഡിക്കൽ ഓഫിസർമാർ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.അൻപോട് തൃത്താല കൺവീനൽ ഡോ. ഇ സുഷ്മ സ്വാഗതവും സെക്രട്ടറി അഡ്വ. എ പി സുനിൽ ഖാദർ നന്ദിയും പറഞ്ഞു. മണ്ഡലത്തിലെ നാല് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടിൻ്റെ പ്രകാശനം പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപുറം നിർവ്വഹിച്ചു.
5000 ഓളം പേർ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി.സർക്കാർ ആശുപത്രികളും എറണാകുളം അമൃത, ലിസി,തൃശൂർ ജൂബിലി അമല , കോട്ടയ്ക്കൽ മിംസ്, എന്നിങ്ങനെ കേരളത്തിലെ മികച്ച സ്വകാര്യ ആശുപത്രികളിലെയും ഹോമിയോ ,അലോപ്പൊതി, ആയുർവേദ വിഭാഗങ്ങളിലെയും നൂറിലധികം പ്രശസ്ത ഡോക്ടർമാരാണ് മെഡിക്കൽ ക്യാമ്പിൻ പരിശോധനക്കെത്തിയത്. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള പരിശോധനാ സംവിധാനങ്ങളും ചികിത്സാ സംവിധാനങ്ങളുമാണ് ക്യാമ്പിലുണ്ടായിരുന്നത്.
ആയുർവേദ - ഹോമിയോ വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു. നേത്ര പരിശോധനയ്ക്കും ദന്ത പരിശോധനയ്ക്കും ആധുനിക സംവിധാനങ്ങളുള്ള ക്ലിനിക്കുകളും ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു. ഇരുവിഭാഗങ്ങളിലും വിവിധ തരം ചികിത്സകളും ക്യാമ്പിൽ വെച്ചു തന്നെ ചെയ്യാനാവും. ക്യാൻസർ പരിശോധനയ്ക്കും രോഗ നിർണ്ണയത്തിനുമുള്ള ആധുനിക സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ക്യാമ്പിൻ്റെ ഭാഗമായി എട്ടു വിഷയങ്ങളിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തി. ക്യാൻസർ പ്രതിരോധം, ജീവൻ രക്ഷാ പ്രാഥമിക ശുശ്രൂഷാ പരിശീലനം, ലഹരി നിർമാർജനം - സാമൂഹിക ഉത്തരവാദിത്വം, ഔഷധ സസ്യങ്ങൾ, ഉത്തരവാദ രക്ഷാകർതൃത്വം, പകർച്ചേതര രോഗ നിയന്ത്രണം, യോഗ, ജീവിതശൈലീ രോഗ നിയന്ത്രണം എന്നീ വിഷയങ്ങളിൽ വിദഗ്ധർ വിവിധ ക്ലാസുകൾ നയിച്ചു.