തിരുവനന്തപുരം:എസ്.എസ്.എൽ.സി പരീക്ഷയിൽ യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്
▪️ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 24
▪️ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 2
▪️രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10
▪️മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 16
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്. മുൻ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.
കേരള സംസ്ഥാന ഹയർസെക്കൻഡറി ബോർഡ് സിലബസ് പ്രകാരം പ്ലസ് ടു കോഴ്സിന് സംസ്ഥാനത്തെ അംഗീകൃത അൺ-എയിഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം നേടുന്നതിന് സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യത ആവശ്യമാണ്.
ഒന്നാം വർഷ പ്രവേശനത്തിന് മുൻപായി സ്‌കൂൾ പ്രിൻസിപ്പൽ പരിശോധിച്ച് ഉറപ്പുവരുത്തിയ സീറ്റ്‌മെട്രിക്‌സ് പ്രകാരം തന്നെയാണ് വിവിധ കോഴ്‌സുകളിലെ പ്രവേശനം എന്നത് അതത് സ്‌കൂൾ പ്രിൻസിപ്പൽമാർഉറപ്പാക്കേണ്ടതാണ്. അൺ-എയ്ഡഡ് സ്‌കൂളുകളിലെ ഓരോ കോഴ്സിലേയും ഓരോ ബാച്ചിലെയും ആകെ സീറ്റുകളിൽ 40 ശതമാനം സീറ്റുകൾ മെറിറ്റ് അടിസ്ഥാനത്തിലും 12 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിന് മെറിറ്റ് അടിസ്ഥാനത്തിലും 8 ശതമാനം സീറ്റുകൾ പട്ടികവർഗ വിഭാഗത്തിന് മെറിറ്റ് അടിസ്ഥാനത്തിലും പ്രവേശനം ഉറപ്പാക്കേണ്ടതാണ്.
60 ശതമാനം സീറ്റുകളിൽ മെറിറ്റ് സംവരണ തത്വം എന്നിവ പാലിച്ച് പ്രവേശനം ഉറപ്പാക്കേണ്ടത് സ്‌കൂൾ അധികൃതരുടെ ഉത്തരവാദിത്തമാണ്. ബാക്കിയുള്ള 40 ശതമാനം സീറ്റുകൾ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകൾ ആണ്. മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തുന്നതിനുള്ള അധികാരം അതത് മാനേജ്‌മെന്റുകളിൽ നിക്ഷിപ്തമാണ്.
പട്ടിക ജാതി/ പട്ടിക വർഗ്ഗ അപേക്ഷകർ ആവശ്യത്തിന് ഇല്ലാത്തപക്ഷം ഒഴിവുള്ള സീറ്റുകൾ മെറിറ്റ് അടിസ്ഥാനത്തിൽ നികത്താവുന്നതാണ്. സ്‌കൂൾ തലത്തിൽ പ്രവേശനത്തിനായി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിർദിഷ്ഠ ഷെഡ്യൂൾ അനുസരിച്ചു മാത്രമേ പ്രസിദ്ധീകരിക്കാനും അഡ്മിഷൻ പ്രക്രിയ ആരംഭിക്കാനും പാടുള്ളു. മുഖ്യഘട്ട പ്രവേശനങ്ങൾ ജൂൺ 10 മുതൽ 17 വരെയും സപ്ലിമെന്ററി ഘട്ട പ്രവേശനം ജൂൺ 18 മുതൽ ജൂലൈ 16 വരെയും ആയിരിക്കുന്നതാണ്.
ഇപ്രകാരമുള്ള പ്രവേശനങ്ങളുടെ ഗ്രേഡ് പോയിന്റ് അടക്കമുള്ള വിശദാംശങ്ങൾ സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്. റാങ്ക് ലിസ്റ്റിൽ എസ്.എസ്.എൽ. സി. രജിസ്റ്റർ നമ്പർ, വിദ്യാർഥിയുടെ പേര്, ജെൻഡർ ജനന തീയതി, കാറ്റഗറി, ഡബ്ല്യൂ.ജി.പി.എ., റാങ്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കണം. ഇതിന് വിരുദ്ധമായി നടത്തുന്ന പ്രവേശനങ്ങൾ പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദ് ചെയ്യാനുമുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ് എന്നും മന്ത്രി വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.