പാലക്കാട് വല്ലപ്പുഴയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വല്ലപ്പുഴ കുളപ്പുള്ളി പാതയിൽ കുറുവട്ടൂരിലാണ് ഇന്നലെ വൈകുന്നേരം അപകടം ഉണ്ടായത്. ഒറ്റപ്പാലം 19ാം മൈൽ മാതേശേരി പടി തങ്കപ്പൻ്റെ മകൾ 18 വയസ്സുകാരി ദിജീഷയാണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
ചൂരക്കോട് നിന്നും സുഹൃത്തുമായി ഒറ്റപ്പാലത്തേക്കുള്ള യാത്രയിലാണ് അപകടം ഉണ്ടായത്.
കുറുവട്ടൂർ എത്തിയപ്പോൾ വണ്ടി ഓടിച്ചിരുന്ന ആൺ സുഹൃത്തിന്റെ മൊബൈൽ ഫോൺ റോഡിൽ വീഴുകയും സ്കൂട്ടർ നിർത്തി മൊബൈൽ ഫോൺ എടുക്കാൻ പോയ സമയത്ത് ദിജിഷ അബദ്ധത്തിൽ സ്കൂട്ടറിന്റെ ആക്സിലേറ്റർ തിരിക്കുകയും നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
തുടർന്ന് നാട്ടുകാരും സുഹൃത്തും ചേർന്ന് ദിജിഷയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Tags
പാലക്കാട്