ചാലിശേരിയിൽ ആരവം 2025 അഖിലേന്ത്യാ ഫുട്ബോൾ ടൂർണ്ണമെൻ്റിന് ശനിയാഴ്ച തുടക്കമാകും

ചാലിശ്ശേരി: മുലയമ്പറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്ത് ചാലിശേരി സോക്കർ അസോസിയേഷൻ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ട് നിൽക്കുന്ന അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് ആരവം 2025 ന് ശനിയാഴ്ച രാത്രി ഒമ്പതിന് തുടക്കമാകും.

കായിക രംഗത്ത് മുന്നിൽ നിൽക്കുന്ന ചാലിശേരി മാർവൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജന ശ്രദ്ധ നേടിയ സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് മൂന്നാമത് 
ആരവം 2025 എന്ന പേരിൽ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നത്. ജി.ഐ പൈപ്പ് കൊണ്ട് നിർമ്മിച്ച താൽക്കാലിക ഗാലറിയിൽ ഒരേ സമയം 6000 പേർക്ക് ഇരുന്ന് കളി കാണാൻ കഴിയും.

വിദേശതാരങ്ങൾ ഉൾപ്പെടെ സംസ്ഥാന - ദേശീയ താരങ്ങൾ പങ്കെടുക്കുന്ന അഖിലേന്ത്യ തലത്തിലുള്ള പ്രമുഖരായ 24 ടീമുകൾ മൽസരത്തിൽ പങ്കെടുക്കും. കൂറ്റനാട് ഇവ ഗോൾഡ് ആൻ്റ് ഡയമൻ്റ് വിന്നേഴ്സ് ട്രോഫിക്കും , ലോട്ട് ക്ലോത്തിംഗ് സ്റ്റോർ റണ്ണേഴ്സ് ട്രോഫിക്കുവേണ്ടിയുള്ള ആദ്യകളിയിൽ ശനിയാഴ്ച രാത്രി ഹണ്ടേഴ്സ് കുത്ത്പറമ്പും, ലിൻഷാ മണ്ണാർക്കാടും
 തമ്മിൽ മൽസരിക്കും.

ടൂർണ്ണമെൻ്റിൽ നിന്ന് ലഭിക്കുന്ന വരുമാനം കാരുണ്യ പ്രവർത്തനങ്ങൾക്കും കായിക മേഖലയുടെ വളർച്ചക്കും വിനയോഗിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ വി.വി. ബാലകൃഷ്ണൻ, കൺവീനർ എം.എം. അഹമ്മദുണ്ണി ,ട്രഷറർ ജ്യോതിദേവ്, കോർഡിനേറ്റർമാരായ ടി.കെ.സുനിൽകുമാർ ,ടി എ രണദിവെ എന്നിവർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം