
ആനക്കര: പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം 16ന് നടക്കാനിരിക്കെ ആനക്കരയിൽ കോൺഗ്രസ്–മുസ്‌ലിം ലീഗ് തർക്കം രൂക്ഷമായി തുടരുന്നു. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ നടത്തിയ ചർച്ചകൾ സമവായത്തിലെത്താതെ വഴിമുട്ടിയതോടെ പുതിയ സമവായ ഫോർമുലകൾ തേടുകയാണ് മുന്നണി നേതൃത്വം.
അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ മുൻ പ്രസിഡന്റ് പി.എൻ. അംബികയെ തന്നെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കോൺഗ്രസ് നിലപാടാണ് ചർച്ചകൾക്ക് പ്രധാന തടസ്സമായത്. അംബികയ്ക്ക് പകരം കോൺഗ്രസ് നിർദേശിക്കുന്ന മറ്റേതെങ്കിലും അംഗത്തെ പിന്തുണയ്ക്കാമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചെങ്കിലും ഈ നിർദേശം അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല.
മുൻ പ്രസിഡന്റിനെ വീണ്ടും സ്ഥാനത്ത് പുനഃസ്ഥാപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ ശക്തിയുക്തം എതിർക്കുകയാണ് പ്രാദേശിക മുസ്‌ലിം ലീഗ് നേതൃത്വം. മുന്നണിയിലെ ലീഗിനെ അവഗണിച്ച് ബി.ജെ.പി അംഗത്തിന്റെ പിന്തുണ സ്വീകരിക്കുകയും, മുന്നണി മര്യാദകൾ ലംഘിച്ച് ബി.ജെ.പി അംഗത്തിന് കൂടുതൽ പരിഗണന നൽകുകയും ചെയ്ത മുൻ പ്രസിഡന്റിനെ വീണ്ടും അതേ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിൽ ലീഗ് അണികൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.
ലീഗിന്റെ പിന്തുണയോടെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയ മുൻ പ്രസിഡന്റിനെ തന്നെ വീണ്ടും സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പ്രശ്നപരിഹാരമല്ലെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. മുൻ പ്രസിഡന്റിനെ മാറ്റിനിർത്തി കോൺഗ്രസ് നിർദേശിക്കുന്ന മറ്റേതെങ്കിലും അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക എന്നതാണ് മുസ്‌ലിം ലീഗിന്റെ ഏക നിലപാട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രാദേശിക നേതൃത്വം.
കോൺഗ്രസ് നിലപാടിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ മുന്നണിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമായിരിക്കുകയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സമവായത്തിലെത്താനുള്ള പുതിയ ഫോർമുലകൾ തേടുകയാണ് ഇരുപാർട്ടികളിലെയും നേതാക്കൾ. വരും ദിവസങ്ങളിലെ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് മുന്നണിബന്ധത്തിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്.
വോട്ട് ചെയ്ത് ഭരണം നേടിത്തന്ന പൊതുജനം ഇതെല്ലാം കാണുന്നുണ്ടെന്ന ചിന്ത പാർട്ടിക്കാർ മനസ്സിലാക്കിയാൽ നല്ലത്
മറുപടിഇല്ലാതാക്കൂ