പട്ടാമ്പി: പട്ടാമ്പി-കുളപ്പുള്ളി പാതയുടെ നവീകരണം പട്ടാമ്പി ടൗണിലേക്ക് കടന്നതോടെ പൊടിയിലമർന്ന് മേലെ പട്ടാമ്പി കൽപ്പക പ്രദേശം. വലിയതോതിലാണ് ഇവിടെ പൊടിശല്യം ഉണ്ടാവുന്നത്. യാത്രക്കാർക്ക് മാത്രമല്ല വ്യാപാരസ്ഥാപനങ്ങൾക്കും പൊടിശല്യം ദുരിതമാവുന്നു.
പട്ടാമ്പി നിളാ ആശുപത്രിമുതൽ കുളപ്പുള്ളി ഐ.പി.ടി.കോളേജ് വരെയുള്ള പാതയുടെ നവീകരണമാണ് നടക്കുന്നത്. നിലവിൽ മേലെ പട്ടാമ്പി മിൽമ ചില്ലിങ് പ്ലാന്റ് മുതൽ ചെർപ്പുളശ്ശേരി റോഡ് ജങ്‌ഷൻവരെയാണ് പ്രവൃത്തികൾ നടക്കുന്നത്. റോഡിന്റെ ഓരോ വശങ്ങളിൽനിന്നും ആഴത്തിൽ മണ്ണിട്ട് മെറ്റൽ ഇടുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇതിനിടെയാണ് ദിവസങ്ങളോളമായുള്ള പൊടിശല്യവും തുടരുന്നത്.
യാത്രക്കാർ പൊടിയിൽ മുങ്ങിയാണ് കടന്നുപോകുന്നത്. ഓട്ടോറിക്ഷ, ഇരുചക്രവാഹന യാത്രക്കാർക്കാണ് ഏറെ ദുരിതം. വ്യാപാരികൾ, വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവർക്കും ഇത് പ്രയാസം സൃഷ്ടിക്കുകയാണ്. വലിയ വാഹനങ്ങൾ കടന്നുപോയാൽ റോഡ് കാണാൻ കഴിയാത്ത തരത്തിലാണ് പൊടിയാൽ മൂടപ്പെടുന്നത്. വെള്ളമൊഴിച്ച് പൊടിശല്യം പരിഹരിക്കുന്നുണ്ടെങ്കിലും ഇതിന് തൊട്ടുപിന്നാലെ വൻതോതിൽ പൊടിയുയരുന്ന കാഴ്ചയാണ് കാണുന്നത്.