കൂറ്റനാട്: തിരുമിറ്റക്കോട്, പെരിങ്കന്നൂർ, ചാലിശ്ശേരി പെരുമണ്ണൂർ, നാഗലശ്ശേരി പാടശേഖരങ്ങളിൽ രണ്ടാംവിള കൊയ്ത്തുതുടങ്ങി. കൊയ്ത്തുകഴിഞ്ഞ കർഷകർക്ക് മുൻവർഷങ്ങളേക്കാൾ വിളവിൽ നഷ്ടംസംഭവിച്ചതായി കർഷകർ പറയുന്നു. പെരിങ്കന്നൂർ പാടശേഖരങ്ങളിലും ചാലിശ്ശേരി, കോതച്ചിറ, മാണിക്യംകുന്ന്, പെരുമണ്ണൂർ, ആലിക്കര തുടങ്ങിയ പാടശേഖരങ്ങളിലും പന്നികൾ കൂട്ടത്തോടെയെത്തി കൃഷിനശിപ്പിച്ചതാണ് നഷ്ടത്തിനിടയാക്കിയത്.
തിരുമിറ്റക്കോട്, രായമംഗലം തുടങ്ങിയ ചില പാടശേഖരങ്ങളിൽ വരമ്പിൽ കമ്പികൾ വലിച്ചുകെട്ടി സുരക്ഷാനടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പന്നിക്കൂട്ടം വേലികൾ തകർക്കുന്നതും പതിവായി. നഷ്ടംനികത്താൻ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടു.കാലംതെറ്റിവന്ന മഴയും വിളവെടുപ്പിനെ ബാധിച്ചു. പന്നികൾ പാടത്തിറങ്ങുന്നതോടെ നെല്ലിനോടൊപ്പം വൈക്കോലും കേടുവരുത്തി. കെട്ടിന് 150 രൂപ മുതൽ വില കിട്ടിയിരുന്നു. എന്നാൽ, പന്നികളിറങ്ങി നാശംവരുത്തിയ വൈക്കോലെടുക്കാൻ കച്ചവടക്കാർക്ക് താത്പര്യമില്ല. ഇത്തരം വൈക്കോലുകൾക്ക് 100 രൂപയിൽത്താഴെയാണ് കിട്ടുന്നത്. വൈക്കോലിന് വേണ്ടത്ര ആവശ്യക്കാരില്ലാത്തതും കർഷകരുടെ നഷ്ടം ഇരട്ടിയാക്കി.
തിരുമിറ്റക്കോട് പഞ്ചായത്തിൽ ഇരുങ്കൂറ്റൂർ, രായമംഗലം, ഒഴുവത്ര പ്രദേശങ്ങളിൽ മുഴുവൻ പാടശേഖരങ്ങളിലും കൊയ്ത്താരംഭിച്ചു. ചാലിശ്ശേരി പഞ്ചായത്തിൽ അടുത്തിടെ കർഷകർ സംഘടിച്ച് ഒരുഡസൻ പന്നികളെ വെടിവെച്ചുകൊന്നിരുന്നു. സമീപത്തെ ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട് തുടങ്ങിയ മറ്റുപഞ്ചായത്തുകളിലും രണ്ടോ, മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന സംഘടിതമായ പന്നിവേട്ട സംഘടിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.