ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവെക്കാതെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ തന്നെ വഖഫ് ബിൽ സഭയുടെ മേശപ്പുറത്ത് വെക്കാൻ നീക്കവുമായി സർക്കാർ. വെള്ളി, ശനി ദിവസങ്ങളിൽ വിളിച്ചുചേർത്ത വഖഫ് ജെ.പി.സി (സംയുക്ത പാർലമെന്ററി സമിതി) യോഗം മാറ്റിവെക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ചെയർമാൻ ജഗദാംബികാ പാൽ തള്ളി. ഭേദഗതികൾ സമർപ്പിക്കാൻ ഈ മാസം 31 വരെ സമയം നൽകണമെന്ന ആവശ്യവും തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ തിരക്കിട്ട് ഭേദഗതികൾ സമർപ്പിക്കാൻ നിർബന്ധിതരായി.അംഗങ്ങൾ സമർപ്പിക്കുന്ന ഭേദഗതികൾ വെള്ളിയാഴ്ച തുടങ്ങുന്ന ജെ.പി.സി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് ജഗദാംബികാ പാൽ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത് അവസാന നിമിഷം വരെ എതിർപ്പുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ അംഗങ്ങൾ തീരുമാനിച്ചതെന്ന് ജെ.പി.സി അംഗവും ഡി.എം.കെ രാജ്യസഭാംഗവുമായ അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചാൽ അത് ബി.ജെ.പിക്ക് അനുഗ്രഹമാകും. പ്രതിപക്ഷമില്ലാത്ത സമിതിയിൽ സ്വന്തം അജണ്ടയുമായി അവർ മുന്നോട്ടുപോകുമെന്നും അബ്ദുല്ല കൂട്ടിച്ചേർത്തു.
വഖഫ് ബില്ലിന്മേൽ ജെ.പി.സി അംഗങ്ങൾക്കുള്ള ഭേദഗതികൾ 48 മണിക്കൂറിനകം സമർപ്പിക്കണമെന്ന നിർദേശത്തിലുറച്ചുനിന്ന ചെയർമാൻ കൂടുതൽ സമയം നൽകണമെന്ന ആവശ്യം തള്ളുകയായിരുന്നു. ചെയർമാൻ നിർദേശിച്ച സമയത്തിനകം ഭേദഗതികൾ സമർപ്പിക്കാൻ പ്രതിപക്ഷം നിർബന്ധിതരായെന്ന് ഡി.എം.കെ നേതാവ് എ. രാജ പറഞ്ഞു
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയുള്ള നീക്കമാണ് വഖഫ് ജെ.പി.സിയിൽ നടക്കുന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറയുന്നു. എൻ.ഡി.എ ഘടക കക്ഷികളായ ജനതാദൾ-യു, തെലുഗുദേശം പാർട്ടി എന്നിവ വിവാദ വ്യവസ്ഥകളിൽ എതിർപ്പ് അറിയിച്ചിരുന്നു. ഇതിൽ ഏതെങ്കിലുമൊന്ന് പിൻവലിച്ച് ഘടകകക്ഷികളുടെ ആവശ്യം അംഗീകരിച്ചെന്ന് വരുത്തി മറ്റുള്ളവ നിലനിർത്തി ഉദ്ദേശിച്ച രീതിയിൽ തന്നെ വഖഫ് ബില്ലുമായി മുന്നോട്ടുപോകാനാണ് സർക്കാർ നീക്കമെന്ന് ജെ.പി.സിയിലെ പ്രതിപക്ഷ അംഗങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു.