സുസ്ഥിര തൃത്താല പദ്ധതി; നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ശില്‍പശാല

സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി നീര്‍ത്തടാധിഷ്ഠിത സുസ്ഥിര വികസനത്തിന് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഏകദിന ശില്‍പശാല. തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് 'സുസ്ഥിര തൃത്താല'. മണ്ഡലത്തിലെ ഭൂജല പരിപോഷണം സൂക്ഷ്മ നീര്‍ത്തട വികസനത്തിലൂടെ ലക്ഷ്യമാക്കി എട്ട് ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുത്തിട്ടുള്ള എട്ട് മാതൃക സൂക്ഷ്മ നീര്‍ത്തടങ്ങളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ശില്‍പശാല നടത്തിയത്.

സുസ്ഥിര തൃത്താല പദ്ധതി ആസൂത്രണത്തില്‍ ഓരോ വകുപ്പുകളും എങ്ങനെയാണ് പങ്കുവഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എല്ലാവരെയും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരിക എന്നതാണ് ശില്‍പശാല കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് കലക്ടര്‍ ഒ.വി ആല്‍ഫ്രഡ് പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നീര്‍ത്തട പരിധിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും

ജീവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് നവകേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി പറഞ്ഞു. പരിപാടിയില്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.ഡി സിന്ധു അധ്യക്ഷയായി. എത്ര പ്രദേശത്ത് എത്ര ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും എന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ശില്‍പശാലയില്‍ നിര്‍ദേശിച്ചു. ഒറ്റപ്പാലം മണ്ണ് സംരക്ഷണ ഓഫീസര്‍ അജിത് കുമാര്‍ വിഷയാവതരണം നടത്തി.

ചെറുകിട ജലസേചനം, കൃഷി, ദേശീയ തൊഴിലുറപ്പ്, കേരളവാട്ടര്‍ അതോറിറ്റി, മൃഗസംരക്ഷണം, ക്ഷീരവികസനം, മണ്ണ് പര്യവേക്ഷണ- സംരക്ഷണം, വനം, തദ്ദേശസ്വയംഭരണം, ഭൂഗര്‍ഭ ജലം, ഫിഷറീസ്, ശുചിത്വ മിഷന്‍, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു.

പദ്ധതിയില്‍ എട്ട് നീര്‍ത്തടങ്ങള്‍

നാഗലശ്ശേരി നീര്‍ത്തടം, ഉള്ളന്നൂര്‍ നീര്‍ത്തടം, കുമരനെല്ലൂര്‍ നീര്‍ത്തടം, കൂടല്ലൂര്‍ നീര്‍ത്തടം, പരുതൂര്‍ നീര്‍ത്തടം, പട്ടിശ്ശേരി നീര്‍ത്തടം-1, പട്ടിശ്ശേരി നിര്‍ത്തടം-2, കൊരക്കുഴി തോട് നീര്‍ത്തടം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നീര്‍ത്തട പരിധിയിലുള്ള തരിശുഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍, കേരഗ്രാമം പദ്ധതി, ഫലവൃക്ഷതൈ വിതരണം, പച്ചക്കറി കൃഷി പരിശീലന പദ്ധതികള്‍ തുടങ്ങിയവയെല്ലാം കൃഷിവകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭൂഗര്‍ഭ ജല വകുപ്പ് നടത്തുന്ന ഭൂഗര്‍ഭ ജല റീചാര്‍ജിങ് പ്രവൃത്തി പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിയും കൃഷി വകുപ്പും സംയോജിച്ചാണ് മണ്ഡലത്തില്‍ ഒരു ലക്ഷം തെങ്ങിന്‍ തൈ നടല്‍ പൂര്‍ത്തിയാക്കിയത്. വാട്ടര്‍ അതോറിറ്റിയുടെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് കടന്നു. കുട്ടികളെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന രീതിയില്‍ ബി.ആര്‍.സിയുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ശില്‍പശാലയില്‍ നിര്‍ദേശം നല്‍കി.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സോക്ക് പിറ്റുകള്‍ സ്ഥാപിക്കുക, ശുചിമുറി നിര്‍മ്മാണം, സാനിറ്റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ശുചിത്വമിഷന്‍ നടപ്പിലാക്കുക. കാവുകള്‍ സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്‌കൂളുകളിലെ അഞ്ച് സെന്റ് ഭൂമിയില്‍ വിദ്യാവനം നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് മുഖേന ആസൂത്രണം ചെയ്യും.

2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ രണ്ട് കോടി രൂപയാണ് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന് അനുവദിച്ചിരുന്നത്. പദ്ധതിയില്‍ ഓരോ ഗുണഭോക്താവിന്റെയും ഭൂമിയിലെ മണ്ണും ജലവും സംരക്ഷിച്ച് കാര്‍ഷികാഭിവൃദ്ധിക്കായി മണ്‍വരമ്പുകള്‍, തെങ്ങിന്‍ തടമെടുക്കല്‍, കിണര്‍ റീചാര്‍ജിങ്, കുളം, വൃക്ഷതൈ നടുക എന്നിവയാണ് നടപ്പാക്കുന്നത്. ഓരോ നീര്‍ത്തടത്തിലും വ്യക്തിഗത അപേക്ഷ വാങ്ങിയാണ് പ്രവൃത്തികള്‍ നടത്തുന്നത്. ഗുണഭോക്താവിന് 100 ശതമാനം സബ്സിഡി ലഭിക്കും.

വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവൃത്തികളും മണ്ണ് പരിശോധന പോലുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇനി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി വിവിധ വകുപ്പുകള്‍ നല്‍കേണ്ട വിശദമായ റിപ്പോര്‍ട്ട് പോരായ്മകള്‍ നികത്തി ഡിസംബര്‍ 30 നകം നല്‍കാന്‍ ശില്‍പശാലയില്‍ തീരുമാനമായി. ഡി.ആര്‍.ഡി.എ ഹാളില്‍ നടന്ന ശില്‍പശാലയില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം