നെല്ല് സംഭരണ തുക അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കണം: ജില്ലാ കലക്ടര്‍

ഒന്നാംവിള നെല്ല് സംഭരിച്ച കര്‍ഷകര്‍ക്ക് സംഭരണ തുക അപേക്ഷകള്‍ക്ക് ലഭ്യമാകുന്ന മുറയ്ക്ക് പരിഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. കര്‍ഷകര്‍ക്ക് നെല്ല് സംഭരണ തുക നല്‍കുന്നതിനായി സീനിയോറിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിനു തടസമാകരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. തുക നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ലീഡ് ബാങ്ക് മാനേജരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് തുക ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ബാങ്കുകള്‍ക്ക് ലീഡ് ബാങ്ക് നിര്‍ദേശം നല്‍കണം. ഒരേ ബാങ്ക് വഴി എല്ലാ തവണയും തുക ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് സപ്ലൈകോയ്ക്കും നിര്‍ദേശം നല്‍കി. ഓരോ തവണയും പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങേണ്ടി വരുന്നത് കര്‍ഷകര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഉഴവുകൂലിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. 1,99,06,899 രൂപയുടെ ക്ലെയിം ട്രഷറിയില്‍ സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി ഇതുവരെ 51,12,055 രൂപ വിതരണം ചെയ്തു. 63.6 ലക്ഷം രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്ത് വിഹിതം 1,35,89,637 രൂപ കൃഷി ഭവന്‍ മുഖേന നല്‍കി കഴിഞ്ഞു. 33,97,375 രൂപയുടെ നടപടി ഉടന്‍ പൂര്‍ത്തിയാകും. വി.എഫ്.പി.സി.കെയുടെ സഹകരണത്തോടെ സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്തി പച്ചത്തേങ്ങ / കൊപ്ര സംഭരണം നടത്തുന്നതിന് നടപടി സ്വീകരിക്കുന്നതിനായി ബാങ്ക് പ്രതിനിധികളുടെ യോഗം ചേരുന്നതിന് ജോയിന്റ് രജിസ്ട്രാറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി. കാര്‍ഷികാവശ്യത്തിന് പ്രതിദിനം 5000 ലിറ്റര്‍ ഭൂഗര്‍ഭജലം മാത്രമേ ഉപയോഗിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമല്ലെന്നും പരിധി ഉയര്‍ത്തുന്നതിന് നടപടിയെടുക്കണമെന്നും വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ആവശ്യപ്പെട്ടു. പ്രസ്തുത വിഷയം പരിഹരിക്കുന്നതിനായി ഭൂഗര്‍ഭജല വകുപ്പ്, കൃഷി വകുപ്പ്, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും സംയുക്ത യോഗം ഉടന്‍ ചേരുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

നെല്ലിയാമ്പതി തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി കെ. ബാബു എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ തൊഴിലാളികളുടെ യോഗവും ക്യാമ്പുകളും നടത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ചില തോട്ടം ഉടമകളെ കണ്ടെത്തുന്നതിനായി  വനം, റവന്യു വകുപ്പുകളുടെ സഹായം കൂടി തേടുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നെല്ലിയാമ്പതി തോട്ടം മേഖലയിലെയും മലമ്പുഴ കള്ളിയാര്‍ എസ്റ്റേറ്റിലെയും തൊഴിലാളികള്‍ക്ക് വര്‍ഷങ്ങളായി ആനൂകൂല്യം നല്‍കാത്ത ഉടമകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്ത് തൊഴിലാളികള്‍ക്ക് എത്രയും പെട്ടെന്ന് ആനുകൂല്യം ലഭ്യമാക്കണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നെന്മാറ ഡി എഫ് ഓ, ചിറ്റൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ ഉടമകളെ കണ്ടെത്തുന്നതിനായി ആവശ്യമായ വിവരം ലഭ്യമാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ്-പോലീസ് പരിശോധന കര്‍ശനമാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശ്രീകൃഷ്ണപുരം -കടമ്പഴിപ്പുറം പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗം രൂക്ഷമായ സാഹചര്യം തടയുന്നതിനായി പോലീസ് പട്രോളിങ് ശക്തമാക്കിയെന്നും കടകളില്‍ പരിശോധന നടത്തുന്നതിനും മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥരെ അയച്ചു മയക്കുമരുന്ന് കണ്ടെത്തുന്നതിനും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു. ലഹരി ഉപയോഗം തടയുന്നതിനായി ബോധവല്‍ക്കരണം നടത്തിയെന്നും എക്സൈസ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

വേനല്‍ രൂക്ഷമായതിനാല്‍ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ തുറക്കും മുന്‍പ് നേരത്തെ തന്നെ ബന്ധപ്പെട്ട പഞ്ചായത്തുകളെ ഇ-മെയില്‍ മുഖേനെ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൃഷിയാവശ്യത്തിനായി മീങ്കര ഡാമില്‍ നിന്നും വെള്ളം വിട്ട് നല്‍കണമെന്നേ രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി ടി. എ. മാധവന്‍ യോഗത്തില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ജലം ലഭ്യമാകുന്ന മുറയ്ക്ക് തുറന്നുനല്‍കുമെന്ന് ഇറിഗേഷന്‍ വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

പട്ടാമ്പി നിള- ഐ.പി.ടി റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പോലീസിനെ ചുമതലപ്പെടുത്തണമെന്നും ഇതോടൊപ്പം റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഗതാഗതം നിയന്ത്രിച്ചയാളെ ബോധപൂര്‍വ്വം സ്വകാര്യ ബസ് ഇടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് സംഭവത്തില്‍ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ പോലീസിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഇ.ബി 45 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് വകുപ്പ് പ്രതിനിധിയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് നിര്‍ദ്ദേശം.

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പ്രദേശങ്ങളില്‍ താമസിക്കുന്ന 150 കുടുംബങ്ങളുടെ കൈവശമുള്ള ഭൂമിയ്ക്ക് ജോയിന്റ് വെരിഫിക്കേഷന്‍ നടത്തുന്നതിന് അപേക്ഷ നല്‍കിയിട്ടും വെരിഫിക്കേഷന്‍ നടത്താത്ത വിഷയത്തില്‍ സര്‍വ്വേ നടത്തുന്നതായി മിനി സര്‍വ്വേ ടീമിനെ രുപീകരിക്കുന്നതിനായി അപേക്ഷ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പ് പ്രതിനിധിയോട് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ടീം പറമ്പിക്കുളം- ആളിയാര്‍ ഡാമില്‍ നിന്നും അഞ്ച് ടി.എം.സി ജലം അനുവദിക്കണമെന്ന ആവശ്യത്തില്‍ കേരളത്തിന് രണ്ടാം വിളയ്ക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ തമിഴ്നാട് ചീഫ് എന്‍ജിനീയര്‍ക്കും കേരള ജലവിഭവ വകുപ്പ് സെക്രട്ടറിയ്ക്കും കത്ത് നല്‍കിയതായും അതിനാവാശ്യമായ നടപടികള്‍ സെക്രട്ടറി തലത്തില്‍ നടന്നുവരുന്നതായും ജോയിന്റ് വാട്ടര്‍ റഗുലേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ സബ് കലക്ടര്‍ ഡോ.മിഥുന്‍ പ്രേംരാജ്, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ, വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ്, രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി ടി. എ. മാധവന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം