അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ സഹായിച്ചു സിറിയക്ക് ജോസഫിനെതിരെ വീണ്ടും കെ ടി ജലീല്‍ എംഎല്‍എ

 

Kt jaleel

അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെ ടി ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഒന്നാംപ്രതിയും ബന്ധുവമായ തോമസ് കോട്ടൂരിനു വേണ്ടിയാണ് ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അഭയ കേസ് പ്രതികളെ നാര്‍കോഅനാലിസിസ് നടത്തിയ വീഡിയോ ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടു. ബെംഗളുരുവിലെ സ്ഥാപനത്തില്‍ പോയാണ് വീഡിയോ കണ്ടത്.ഇതിന് തെളിവുണ്ട്. നീതി ബോധമുണ്ടെങ്കില്‍ ജസ്റ്റിസ് രാജിവെക്കണമെന്നും കെ ടി ജലീല്‍ ആവശ്യപ്പെട്ടു.

കെ ടി ജലീലിന്റെ എഫ് ബി പോസ്റ്റ്

ഈ വിഴുപ്പു ഭാണ്ഡം ഇനിയും എന്തിനു ചുമക്കണം?                

സുപ്രീം കോടതി റിട്ടയേഡ് ജഡ്ജിയും ഇപ്പോഴത്തെ ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ അഭയ കേസിലെ പ്രതികളുടെ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തിയതിൻ്റെ വീഡിയോ ബാഗ്ലൂരിലെ ഫോറൻസിക് ലാബിലെ അഡീഷണൽ ഡയറക്ടർ ഡോ: മാലിനിയുടെ മുറിയിൽ വെച്ച് 2008 മെയ് 24 ന് കണ്ടതിൻ്റെ തെളിവുകൾ പുറത്തു വന്നു. പ്രസ്തുത വീഡിയോ ഡോ: മാലിനി അഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി നന്ദകുമാർ നായർക്ക് കൈമാറിയിട്ടുണ്ട്. ഇത് സിബിഐയുടെ പക്കലും കോടതിയിലുമുണ്ട്. 

മാത്രമല്ല അഭയാ കേസിലെ കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ: എസ് മാലിനി ഈ വിവരം 2009 ഫെബ്രുവരി 6 ന് സിബിഐ ക്ക് മൊഴിയും നൽകിയിട്ടുണ്ട്. അഭയാ കേസിലെ പ്രതികളെ സിബിഐ അറസ്റ്റു ചെയ്തതിൻ്റെ 6 മാസം മുമ്പാണ് നാർകോ പരിശോധന നടത്തിയതിൻ്റെ വീഡിയോ കാണാൻ സിറിയക് ജോസഫ് ബാഗ്ലൂരിലെ ലാബിൽ എത്തിയത്. 

ജസ്റ്റിസ് സിറിയക് ജോസഫ് അഭയാ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ അടുത്ത ബന്ധുവാണ്. ജസ്റ്റിസ് സിറിയകിൻ്റെ ഭാര്യയുടെ അനുജത്തിയെയാണ് കോട്ടുരിൻ്റെ സ്വന്തം അനുജൻ വിവാഹം കഴിച്ചിരിക്കുന്നത്. 

1992 മാർച്ച് 27 ന് അഭയ എന്ന പാവം കന്യാസ്ത്രീ കൊല്ലപ്പെടുന്ന സമയത്ത് കേരള ഹൈക്കോടതിയിൽ UDF സർക്കാർ നിയമിച്ച ഒന്നാം അഡീഷണൽ അഡ്വക്കറ്റ് ജനറലായിരുന്നു സിറിയക് ജോസഫ് (നിയമന ഉത്തരവിൻ്റെ കോപ്പിയാണ് ഇമേജായി കൊടുത്തിരിക്കുന്നത്). 

അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.ടി മൈക്കിൾ, ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ വി.വി അഗസ്റ്റിൻ എന്നിവരെക്കൊണ്ട് തെളിവ് നശിപ്പിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കി കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ സമ്മർദ്ദം തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആക്ഷേപങ്ങൾ പ്രതികളെ കോടതി ശിക്ഷിച്ചതിന് ശേഷം ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. 

(അവലംബം: ജോമോൻ പുത്തൻപുരക്കലിൻ്റെ ആത്മ കഥ) 

തൻ്റെ അടുത്ത ബന്ധുവായ കൊലക്കേസ് പ്രതിയെ ന്യായാധിപൻ എന്ന അധികാരം ദുരുപയോഗം ചെയ്ത് രക്ഷിക്കാൻ ശ്രമിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രാഷ്ട്രപതിക്കും പ്രധാന മന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും ജോമോൻ പുത്തൻപുരക്കൽ പരാതി നൽകി. 

നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാൾ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം