രാജ്യത്തെ മികച്ച പാർലമെന്റേറിയൻമാർക്കു നൽകുന്ന സൻസദ് രത്ന പുരസ്കാരം കേരളത്തിൽനിന്നു മുൻ രാജ്യസഭാംഗം കെ.കെ.രാഗേഷിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും. വിരമിച്ച പാർലമെന്റേറിയനുള്ള പുരസ്കാരമാണു കെ.കെ.രാഗേഷിനു ലഭിച്ചത്. സിപിഎം സംസ്ഥാന സമിതിയംഗം ആയ കെ.കെ.രാഗേഷ് നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്.
കഴിഞ്ഞ കാലയളവിൽ സഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരിഗണിക്കുക. എട്ട് ലോക്സഭ എം പിമാരും മൂന്ന് രാജ്യ സഭാ എം പിമാരുമാണ് ഇത്തവണ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളും രണ്ട് മുതിർന്ന നേതാക്കളും പ്രത്യേക അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
സഭയിലെ ഹാജർ, സംവാദങ്ങൾ, ചോദ്യങ്ങൾ, പ്രൈവറ്റ് മെമ്പേഴ്സ് ബിൽ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ദേശിയ ശരാശരിയിലും ഉയർന്ന പ്രകടനമാണ് കെ കെ രാഗേഷിനുള്ളത്. 2015 ഏപ്രിലിലാണ് അദ്ദേഹം എം പിയായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തുന്നത്.
മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ നിർദ്ദേശപ്രകാരമാണ് സൻസദ് രത്‌ന അവാർഡ് ഏർപ്പെടുത്തുന്നത്. ആദ്യ അവാർഡ് 2010 ൽ ചെന്നൈയിൽ വെച്ച് അദ്ദേഹം തന്നെ വിതരണം ചെയ്തു. ഇതുവരെ 75 മികച്ച പാർലമെന്റ് അംഗങ്ങളെ ഇത്തരത്തിൽ ആദരിച്ചിട്ടുണ്ട്. അവാർഡ് ദാന ചടങ്ങ് 2022 മാർച്ച് 26 ശനിയാഴ്ച ഡൽഹിയിൽ നടക്കും.