സംഘർഷ സാധ്യത; യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്നു, വിമാനങ്ങൾ കൂട്ടി

റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന യൂറോപ്യൻ രാജ്യമായ യുക്രൈനിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.

സംഘർഷത്തിൽ അയവു വന്നെങ്കിലും ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിൻറെ തീരുമാനം. യുക്രൈനിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തും. ഷാർജ, ദുബായ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് കണക്ഷൻ സർവീസുമുണ്ടാകും. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി. കീവിലെ ഇന്ത്യൻ എംബസിയിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

താത്പര്യമുള്ള എല്ലാവരേയും മടക്കി കൊണ്ടുവരും. നിരവധി പേർ എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും ബന്ധപ്പെടുകയാണ്. ഇതിനെ തുടർന്നാണ് യുക്രൈൻ വിഷയം കൈകാര്യം ചെയ്യാനും പൗരൻമാരുടെ ആശങ്കയകറ്റാനും കൺട്രോൾ റൂം ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി മുരളീധരൻ കൂട്ടിച്ചേർത്തു.

എംബസിയിൽ രജിസ്റ്റർ ചെയ്യുന്നവരെ മുൻഗണനാ ക്രമത്തിൽ തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂൾ വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രൈനിലെ ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ 18,000-ഓളം ഇന്ത്യക്കാരാണ് യുക്രെയ്നിലുള്ളത്.

( India call back citizens from Ukrine due to conflict between Ukrine and Russia )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം