ടർഫുകൾ ഇനി രാത്രി 10 വരെ ; കുട്ടികളിൽ കുറ്റകൃത്യങ്ങൾ വർദ്ദിക്കുമെന്ന് പോലീസ്. സദാചാര വാദികൾ ആവല്ലേയെന്ന് സോഷ്യൽ മീഡിയ

വയനാട് ജില്ലയിലെ ഫുട്ബോൾ ടർഫുകളുടെ പ്രവർത്തനം രാത്രി പത്ത് മണി വരെ മാത്രമാക്കി നിജപ്പെടുത്തി പോലീസ് ഉത്തരവ്. ജില്ലാ പോലീസ് മേധാവിയായ ഡോ. അരവിന്ദ് സുകുമാർ ഐപിഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ടർഫിലേക്ക് കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളിൽ കറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്നും പറഞ്ഞാണ് ടർഫുകൾക്ക് രാത്രി നിരോധനം. വയനാട് പോലീസിൻറെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പത്രകുറിപ്പായി പുറത്തുവിട്ടിരിക്കുന്നത്. നിർദ്ദേശം ലംഘിച്ചാൽ ടർഫ് ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

അതേസമയം, സർക്കാരോ ഡിജിപിയോ അറിയാതെ ഇത്തരത്തിലൊരു സർക്കുലർ പുറത്തിറക്കിയതിന് എതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ഏതാണ് ആ അസമയമെന്നും എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തുവിട്ടതെന്നും സോഷ്യൽമീഡിയ ചോദ്യം ഉന്നയിക്കുന്നു.

പോലീസ് പുറത്തുവിട്ട വാർത്താകുറിപ്പ്:

ജില്ലയിൽ കായിക വിനോദത്തിനായി പ്രവർത്തിക്കുന്ന ഫുട്ബോൾ ടർഫുകൾ രാത്രി 10 മണി വരെ മാത്രമെ പ്രവൃത്തിക്കാവൂ എന്ന് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ ഐ.പി.എസ് അറിയിച്ചു. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ ടർഫിലേക്ക് കളിക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അസമയത്തും വീട്ടിലേക്ക് തിരിച്ച് പോകാതെ ടൗണുകളിൽ കറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കുട്ടികൾ അസമയത്തും ടൌണിൽ കറങ്ങി നടക്കുന്നതുവഴി സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും, സാമൂഹ്യ വിരുദ്ധരുമായി ബന്ധപ്പെട്ട് വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കാനും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ട്.

ആയതിനാൽ ജില്ലയിലെ ഫുട്ബോൾ ടർഫുകൾ രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. ഫുട്ബോൾ ടർഫ് നടത്തിപ്പുക്കാർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിർദേശങ്ങൾ ലംഘിക്കുന്ന ഫുട്ബോൾ ടർഫ് നടത്തിപ്പുക്കാർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം