പട്ടാമ്പി | ഉപജില്ല കലോത്സവ വേദിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തല്ലി. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തിവീശി. സംഭവത്തില്‍ കൊപ്പം ഗവ. സ്‌കൂള്‍ താത്കാലിക കായികാധ്യാപകന്‍ അന്‍സിലിന് പരുക്കേറ്റു. കലോത്സവം നടക്കുന്ന പരുതൂര്‍ നാടപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയോടെയാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
കൊപ്പം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും പരുതൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന തൃത്താല പോലീസ് ലാത്തി വീശിയതോടെ വിദ്യാര്‍ഥികള്‍ സ്‌കൂളിനുള്ളിലേക്ക് കയറുകയും നടുമുറ്റത്ത് വെച്ച് വീണ്ടും സംഘര്‍ഷത്തിലേര്‍പ്പെടുകയുമായിരുന്നു.
വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാന്‍ ചെന്നപ്പോഴാണ് കൊപ്പം സ്‌കൂളിലെ താല്‍ക്കാലിക കായികാധ്യാപകനായ അന്‍സിലിന് മര്‍ദ്ദനമേറ്റത്. അധ്യാപകനെ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് അധ്യാപകരെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
