SFI നേതാക്കളെ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതി; എട്ട് MSF പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനടക്കം കേസ്

മലപ്പുറം: എസ്എഫ്‌ഐ നേതാക്കളെ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ എട്ട് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനടക്കം കേസ് എടുത്ത് പൊലീസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിഎസ്‌യു തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു നേതാക്കള്‍ക്ക് ആശുപത്രിയില്‍ നിന്ന് മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി എന്‍ ആദില്‍, പ്രസിഡന്റ് സജിൻ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് തടിക്കഷ്ണങ്ങളും കമ്പി വടികളുമായി ആക്രമികൾ ഇരച്ചെത്തുന്നതിന്റെ ദൃശ്യങ്ങള്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പങ്കുവെച്ചിരുന്നു. ഫയര്‍ എസ്റ്റിഗ്യുഷര്‍ അടക്കം ഉപയോഗിച്ച് ഇവര്‍ ആക്രമണം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വധശ്രമം, അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതര പരിക്കേല്‍പ്പിക്കല്‍, മാരകായുധങ്ങളുമായുള്ള ആക്രമണം, സംഘര്‍ഷവും കലാപവും, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പട്ടികവടി, ഇരുമ്പുവടി, ആണികള്‍ തറച്ച പട്ടികവടി, ഇന്റര്‍ലോക്ക് കട്ടകള്‍ തുടങ്ങിയവ ഉപയോഗിച്ചെന്നാണ് ആരോപണം. ആക്രമണത്തില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകള്‍ക്കും ഇടതുകൈത്തണ്ടയ്ക്കും തലയ്ക്കും പരിക്കേറ്റതായും ജില്ലാ പ്രസിഡന്റിന് ഇടത് കണ്ണിന് താഴെയും ഇടത് കൈത്തണ്ടയിലും പരിക്കേറ്റതായും എഫ്ഐആറില്‍ പറയുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അഫിലിനും ജിവിനും മര്‍ദ്ദനമേറ്റതായും പരാതിയിലുണ്ട്. അതേസമയം എസ്എഫ്ഐ ആക്രമണം നടത്തി എന്നാണ് എംഎസ്എഫിന്റെ ആരോപണം.

ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയിലും തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ചു, കാഷ്വാലിറ്റിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചു എന്നതിലടക്കമാണ് കേസ്. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കല്‍, സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കല്‍, ഭീഷണിപ്പെടുത്തല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കല്‍, ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കല്‍ എന്നി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. അതിനിടെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെ ആക്രമണത്തില്‍ അന്വേഷണത്തിന് സര്‍വ്വകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചു. നാലംഗ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചയ്ക്കകം വിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം