
തൃത്താല: തൃത്താലയിലും പരിസര പ്രദേശങ്ങളിലും ചെറിയ തോതിലുള്ള മോഷണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി തൃത്താല പോലീസ്. വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങൾ തടയാൻ പ്രദേശവാസികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് തൃത്താല എസ്.ഐ. എം.എസ്. സത്യജിത്ത് അറിയിച്ചു.
വീടുകൾ പൂട്ടി ദിവസങ്ങളോളം യാത്ര പോകുന്നവർ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ പോൽ ആപ്പിലെ (Pol-App) 'ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ' സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് പോലീസ് നിർദേശിച്ചു. ഈ സംവിധാനത്തിലൂടെ അടഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചുള്ള വിവരം പോലീസിനെ അറിയിക്കാനും വീടുകൾക്ക് പ്രത്യേക നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും സാധിക്കും.
പൂർണമായും സൗജന്യമായി ലഭിക്കുന്ന ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി മോഷണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ പോലീസുമായി സഹകരിക്കണമെന്ന് എസ്.ഐ. അഭ്യർഥിച്ചു. വീടുകൾ പൂട്ടി പുറത്തുപോകുമ്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.