ചാത്തന്നൂർ: ചാത്തന്നൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന തൃത്താല ഉപജില്ല കായികമേള സമാപിച്ചു. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെ നടന്ന കായികമേളയിൽ 269 പോയിന്റ് നേടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചാലിശ്ശേരി ഓവറോൾ ചാമ്പ്യന്മാരായി. 200 പോയിന്റ് നേടിയ ജിഎംആർഎസ് തൃത്താല രണ്ടാം സ്ഥാനവും 114 പോയിന്റുമായി ജിഎച്ച്എസ്എസ് ചാത്തന്നൂർ മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തിൽ 63 പോയിന്റുമായി എയുപി സ്കൂൾ ഞാങ്ങാട്ടിരി ചാമ്പ്യന്മാരായി. 62 പോയിന്റുമായി എസ്‌ബിഎസ് തണ്ണീർക്കോട് രണ്ടാം സ്ഥാനവും 47 പോയിന്റുമായി എയുപിഎസ് ചാഴിയാട്ടിരി മൂന്നാം സ്ഥാനവും നേടി. എൽപി വിഭാഗത്തിൽ 43 പോയിന്റുമായി എഎൽപി സ്കൂൾ പെരിങ്ങോട് ചാമ്പ്യന്മാരായി. 41 പോയിന്റുമായി എയുപി സ്കൂൾ ഞാങ്ങാട്ടിരി രണ്ടാം സ്ഥാനവും 21 പോയിന്റ് വീതം നേടിയ എസ്‌ബിഎസ് തണ്ണീർക്കോടും ആനക്കര സ്വാമിനാഥ വിദ്യാലയവും മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ടി. രത്നകുമാറിന്റെ അധ്യക്ഷതയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എം. സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജില, സ്കൂൾ പ്രിൻസിപ്പൽ അമ്പിളി ജെ.കെ. എന്നിവർ ആശംസകൾ നേർന്നു. തൃത്താല എഇഒ കെ. പ്രസാദ് സമ്മാനദാനം നടത്തി. കൺവീനർ വ്യാസ് സോളങ്കി നന്ദി രേഖപ്പെടുത്തി.
ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന കായികാധ്യാപകരായ കൃഷ്ണൻ മാസ്റ്റർക്കും വാസുദേവൻ മാസ്റ്റർക്കും ആദരസൂചകമായി അധ്യാപകരും കായികതാരങ്ങളും ചേർന്ന് നടത്തിയ കൂട്ടയോട്ടം ശ്രദ്ധേയമായി. സമ്മാനദാന ചടങ്ങിൽ ക്യുഐപി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇരുവർക്കും സ്നേഹാദരവും നൽകി.
