
കൊപ്പം: 26 ഗ്രാം ഉണക്ക കഞ്ചാവുമായി മധ്യവയസ്കനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രഭാപുരം പൊട്ടച്ചിറ വീട്ടിൽ അബൂബക്കറിന്റെ മകൻ സെക്കീർ (42) ആണ് പിടിയിലായത്. കഞ്ചാവ് വിൽപ്പനയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മാസങ്ങളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
കരിങ്ങനാട് കുണ്ടിൽ നടത്തിയ പരിശോധനയിലാണ് ബൈക്കിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് വാങ്ങുന്ന സ്ഥലം, വ്യക്തികൾ, വിൽപ്പന കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച് എക്സൈസ് സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. പട്ടാമ്പി റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. വസന്തകുമാർ, ജയരാജൻ ഇ., സിവിൽ എക്സൈസ് ഓഫീസർ രാജേഷ് ഇ.ആർ., പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഡ്രൈവർ ശെൽവകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കേസായതിനാൽ പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.