'നാലേ നാല് മാസം കൊണ്ട് മാറ്റം മടുത്ത ജനങ്ങളുടെ വിധിയെഴുത്താണിത്'; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം ബി രാജേഷ്


തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ എല്‍ഡിഎഫിന്റെ വിജയം നാല് മാസം കൊണ്ട് കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ സൂചനയെന്ന് സിപിഐഎം നേതാവ് എം ബി രാജേഷ്. വെറും മുന്നേറ്റമല്ല ഇതെന്നും ഗംഭീര വിജയമാണ് കൈവരിക്കാനായതെന്നും എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നാലേ നാല് മാസം കൊണ്ട് മാറ്റം മടുത്ത ജനങ്ങളുടെ വിധിയെഴുത്താണിത്. ഇടതുപക്ഷം സത്യസന്ധവും ധീരവുമായ തിരുത്തല്‍ നടപടികളിലൂടെ ജനവിശ്വാസം തിരിച്ചുപിടിക്കുകയെണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'വെറും മുന്നേറ്റമല്ല, നാല് മാസത്തിനു ശേഷം കേരളം ഇപ്പോള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന സൂചന നല്‍കിയ ഗംഭീര വിജയമാണ് തദ്ദേശ ഉപ തെരഞ്ഞെടുപ്പുകളില്‍ ഇന്ന് എല്‍ഡിഎഫ് കൈവരിച്ചത്. തെക്ക് ചിറയിന്‍കീഴ് മുതല്‍ വടക്ക് പെരളശ്ശേരി വരെ യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്തവയില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലുമുള്ളവയുണ്ട്. അഞ്ച് യുഡിഎഫ് എംഎല്‍എമാര്‍ രാജിവെച്ച സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റിയില്‍, ഇപ്പോള്‍ എംഎല്‍എ ആയ സുമേഷ് അച്യുതന്‍ 186 വോട്ടിന് ജയിച്ച സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സുമേഷിന്റെ പിതാവ് മുന്‍ എംഎല്‍എ പരേതനായ കെ അച്യുതന്‍ ഉള്‍പ്പെടെ പ്രമുഖ യുഡിഎഫ് നേതാക്കള്‍ ജയിച്ചുവന്ന പരമ്പരാഗത ശക്തികേന്ദ്രമാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. പരാജയപ്പെട്ടതോ? സിറ്റിങ് എംഎല്‍എയുടെ പിതൃസഹോദരനും', എം ബി രാജേഷ് കുറിച്ചു.

പല്ലശ്ശന ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 10,658 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പൊന്നുക്കുട്ടന്‍ വിജയിച്ചത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം 7085 ആയിരുന്നു. എല്‍ഡിഎഫിന്റെ ആകെ വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 5000 വോട്ടിന്റെ വര്‍ധനവുണ്ടായി. ആലത്തൂര്‍ ബ്ലോക്കിലെ അത്തിപ്പൊറ്റ ഡിവിഷനും യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. അതും മികച്ച ഭൂരിപക്ഷത്തിന്. കോട്ടയത്തെ തൃക്കൊടിത്താനം ഡിവിഷനില്‍ ഇപ്പോഴത്തെ എംഎല്‍എയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്.

 യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തിന് തൂത്തുവാരിയ മലപ്പുറം ജില്ലയില്‍ പോലും നാലില്‍ രണ്ട് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയ ഇടങ്ങളില്‍ അവരുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. പേരാമ്പ്ര എംഎല്‍എ രാജിവെച്ച കോഴിക്കോട് കോര്‍പറേഷനിലെ സീറ്റില്‍ 2275 വോട്ടിന്റെ ഭൂരിപക്ഷം 436 ആയി ഇടിഞ്ഞുവീണു. കൊച്ചി കോര്‍പറേഷനില്‍ 1183 വോട്ടിന്റെ ഭൂരിപക്ഷം 549 ആയാണ് കുറഞ്ഞത്. നിലവിലുള്ള സീറ്റില്‍ മൂന്നെണ്ണം യുഡി എഫിന് കുറഞ്ഞപ്പോള്‍ എല്‍ഡിഎഫിന് മൂന്നെണ്ണം കൂടി. നാലേ നാല് മാസം കൊണ്ട് മാറ്റം മടുത്ത ജനങ്ങളുടെ വിധിയെഴുത്താണിത്. ഇടതുപക്ഷം സത്യസന്ധവും ധീരവുമായ തിരുത്തല്‍ നടപടികളിലൂടെ ജനവിശ്വാസം തിരിച്ചുപിടിക്കുകയുമാണ് എന്നും എം ബി രാജേഷ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം