
കൂറ്റനാട്: എഴുത്തുകാരി ലത അതിയാരത്തിന്റെ പുതിയ നോവൽ ‘ആയിഷ മെഹർ’ പ്രകാശനം ചെയ്തു. കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി ഡേ കെയർ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ രാജീവ് പിള്ളത്ത് ഉദ്ഘാടനം ചെയ്തു. സഹയാത്ര പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചാലിശ്ശേരി ക്ഷീരസംഘം പ്രസിഡന്റ് പി.ബി. സുനിൽകുമാർ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരൻ സുധീർ പെരുമ്പിലാവ് ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുനിൽകുമാറിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
ലത അതിയാരത്തിന്റെ മൂന്നാമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമാണ് ‘ആയിഷ മെഹർ’. ‘നാട്ടുവഴിയിലെ കാറ്റലകൾ’ എന്ന ചെറുകഥാ സമാഹാരവും ‘അരുന്ധതി’ എന്ന നോവലുമാണ് മുൻകാല കൃതികൾ. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പുളിയഞ്ഞാലിൽ, ബാവ മാളിയേക്കൽ, സഹയാത്ര രക്ഷാധികാരി കെ.സി. കുഞ്ഞൻ, വാർഡ് മെമ്പർമാരായ വി.കെ. പ്രകാശൻ, സജീഷ് കളത്തിൽ, പി.എം. ബാലകൃഷ്ണൻ, ഭാനുമതി, ജയരാജൻ, ശ്രീകല, വാസുകി എന്നിവർ സംസാരിച്ചു.
ഗ്രന്ഥകർത്താവ് ലത അതിയാരത്ത് മറുപടി പ്രസംഗം നടത്തി. സഹയാത്ര സെക്രട്ടറി ടി.എ. രണദിവെ സ്വാഗതവും വാസുണ്ണി പട്ടാഴി നന്ദിയും പറഞ്ഞു. സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയും ചാലിശ്ശേരി നാരായണാലയം സ്വദേശിയുമായ പൊന്നുള്ളി മോഹന്റെ ഭാര്യയാണ് ലത. വിഷ്ണുമോഹൻ, കാർത്തിക ഹേമന്ത് എന്നിവർ മക്കളാണ്.