അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്


കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയും. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഇളവ് അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന ഡി.ജി.പി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ വരവിൽക്കവിഞ്ഞ് 64.70 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിജിലൻസ് അന്വേഷണത്തിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. 2013ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 96 സാക്ഷികളെ വിസ്തരിച്ചു. മാതാപിതാക്കൾ വഴി ലഭിച്ച കുടുംബസ്വത്താണെന്ന തച്ചങ്കരിയുടെ വാദവും കോടതി തള്ളിയിരുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് തച്ചങ്കരി നൽകിയ ഹരജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനു പിന്നാലെയാണ് വിചാരണ പൂർത്തിയാക്കിയത്. 30 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് പറഞ്ഞു. ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം. കേസിന്റെ വിചാരണക്കിടെ ഔദ്യോഗിക പദവിയിലിരിക്കെ ഉപയോഗിച്ചിരുന്ന മൂന്ന് നക്ഷത്രചിഹ്നമുള്ള ബോർഡ് പതിച്ച സ്വകാര്യകാറിൽ കോടതിയിലെത്തിയതും വിവാദമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം