
തൃത്താല: പാലക്കാട് തൃത്താല മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ മന്ത്രിമാരുടെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കൂട്ടരാജി. മണ്ഡലം കമ്മിറ്റി നിർദേശിച്ചയാളെ പരിഗണിക്കാതിരുന്നതടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേർ രാജിവെച്ചത്. തൃത്താല ബി.ആർ.സി. നിയമനത്തിലും മണ്ഡലം കമ്മിറ്റിയുടെ നിർദേശത്തിന് പരിഗണന ലഭിച്ചില്ലെന്ന പരാതിയും ഭാരവാഹികൾ ഉന്നയിക്കുന്നു.
രാജിയുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് നൽകിയ കത്തിന്റെ പകർപ്പും പുറത്തുവന്നു. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കത്തിലുള്ളത്. നിയോജകമണ്ഡലം ഭാരവാഹികൾ രാജിവെച്ച വിവരം പ്രസിഡന്റിനെയും സെക്രട്ടറിയെയും മണ്ഡലം നിരീക്ഷകനെയും അറിയിച്ചിട്ടും വിഷയത്തിൽ അന്വേഷണം നടത്താത്തതിൽ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം കമ്മിറ്റിക്ക് ലഭിക്കേണ്ട ആറുലക്ഷം രൂപ സംബന്ധിച്ച് പലതവണ ജില്ലാ കമ്മിറ്റിയിൽ ചർച്ച നടത്തിയിട്ടും തുടർനടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.
ഭരണം ലഭിച്ചപ്പോൾ മന്ത്രി സ്റ്റാഫിലേക്ക് തൃത്താലയിൽ നിന്നുള്ള അഡ്വ. ബഷീറിനെ ഒന്നാം പരിഗണനയായി ജില്ലാ കമ്മിറ്റി നിർദേശിച്ചിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോൾ മണ്ഡലം കമ്മിറ്റി അപഹാസ്യരായെന്നും കത്തിൽ ആരോപിക്കുന്നു. പുതുതായി പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലം-പഞ്ചായത്ത് കമ്മിറ്റികളുടെ എതിർപ്പ് അവഗണിച്ച് പരുതൂർ ഹൈസ്കൂളിന് പ്ലസ്ടു അനുവദിച്ചതായും ആരോപണമുണ്ട്. തൃത്താല ബി.ആർ.സിയിൽ എം.എൻ. നൗഷാദ് മാസ്റ്ററെ ബി.പി.സി.യായി നിയമിക്കണമെന്ന നിയോജകമണ്ഡലം കമ്മിറ്റിയുടെ തീരുമാനവും അവഗണിക്കപ്പെട്ടതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിഷയങ്ങളിൽ തൃത്താല നിയോജകമണ്ഡലം കമ്മിറ്റി നേരിടുന്ന അവഗണനയിൽ പ്രതിഷേധിച്ച് രാജിവെച്ച മണ്ഡലം ഭാരവാഹികൾക്ക് ഐകകണ്ഠേന പിന്തുണ പ്രഖ്യാപിച്ചതായും കത്തിൽ വ്യക്തമാക്കുന്നു.
😆😆😆😆😆😆
മറുപടിഇല്ലാതാക്കൂ