
ചാലിശ്ശേരി: 47-ാമത് കേരള പോലീസ് വാർഷിക കായികമേളയുടെയും അത്‌ലറ്റിക്സ് മീറ്റിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ദീപശിഖാ പ്രയാണത്തിന് പാലക്കാട്–തൃശ്ശൂർ ജില്ലാതിർത്തിയായ ചാലിശ്ശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് ആവേശോജ്ജ്വല സ്വീകരണം നൽകി. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി സംയോജിപ്പിച്ച് “കായികത്തിന് സ്വീകരിക്കാം, ലഹരിയെ തള്ളിക്കളയാം” എന്ന സന്ദേശമുയർത്തിയാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ പ്രയാണം സംഘടിപ്പിക്കുന്നത്.
പഞ്ചവാദ്യത്തിന്റെയും കോൽക്കളി സംഘത്തിന്റെയും അകമ്പടിയോടെയാണ് ദീപശിഖയെ ചാലിശ്ശേരിയിലേക്ക് ആനയിച്ചത്. കാസർകോട് നിന്ന് മലപ്പുറം ആർ.ആർ.ആർ.എഫ് കമാൻഡന്റ് ശക്തിസിംഗ് ആര്യ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദീപശിഖയുമായി എത്തിയത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി, പാലക്കാട് ജില്ലാ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് സന്തോഷ്, ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
ജനമൈത്രി പോലീസ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ, തൂഫാൻ വാരിയേഴ്സ്, വ്യാപാരി പ്രതിനിധികൾ, ചാത്തന്നൂർ, ചാലിശ്ശേരി സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, റണ്ണേഴ്സ് ക്ലബ് അംഗങ്ങൾ എന്നിവർ ദീപശിഖാ പ്രയാണത്തെ തൃശ്ശൂർ ജില്ലാതിർത്തിവരെ അനുഗമിച്ചു. തുടർന്ന് തണത്ര പാലത്തിന് സമീപം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ദീപശിഖാ പ്രയാണം തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിച്ചു.
ഞായറാഴ്ച രാവിലെ മലപ്പുറം ജില്ലാതിർത്തിയായ പുലാമന്തോളിൽ നിന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിച്ച ദീപശിഖാ പ്രയാണത്തിന് പട്ടാമ്പിയിലും സ്വീകരണം നൽകിയിരുന്നു.