
തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ₹1,105 കോടി അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ, തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണം ബത്ത, സ്കൂൾ പാചക തൊഴിലാളികളുടെ വേതനം, നെല്ല് സംഭരണ കുടിശ്ശിക തുടങ്ങി വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്.
51,59,472 ഗുണഭോക്താക്കൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷനായി സംസ്ഥാന വിഹിതമായി ₹951.40 കോടി അനുവദിച്ചു. സർക്കാരിന്റെ ധനസഹായത്തോടെ ക്ഷേമനിധി ബോർഡുകൾ വഴി പെൻഷൻ നൽകുന്ന 16 ബോർഡുകളിലെ 6.59 ലക്ഷം ഗുണഭോക്താക്കൾക്കായി ₹130.32 കോടിയും ദേശീയ സാമൂഹ്യ സഹായ പദ്ധതിയിലെ 8,46,456 ഗുണഭോക്താക്കൾക്കായി കേന്ദ്ര-സംസ്ഥാന വിഹിതമായി ₹24.76 കോടിയും അനുവദിച്ചിട്ടുണ്ട്. വിതരണം ഓഗസ്റ്റ് 31നകം പൂർത്തിയാക്കാനാണ് തീരുമാനം.
നെല്ല് സംഭരണത്തിന്റെ 2026 ജൂലൈ 31 വരെയുള്ള പി.ആർ.എസ് കുടിശ്ശിക തീർപ്പാക്കാൻ ₹150 കോടിയും ഓണം പ്രമാണിച്ച് സപ്ലൈകോയ്ക്ക് മുൻകൂർ ഫണ്ടായി ₹53 കോടിയും അനുവദിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 3.68 ലക്ഷം കുടുംബങ്ങൾക്ക് ₹1,200 വീതം നൽകാൻ ₹44.24 കോടിയും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 7,089 തൊഴിലാളികൾക്ക് ₹1,200 വീതം നൽകാൻ ₹85.06 ലക്ഷവും അനുവദിച്ചിട്ടുണ്ട്.
സ്കൂൾ പാചക തൊഴിലാളികളുടെ വർധിപ്പിച്ച വേതനം ഉൾപ്പെടെ നൽകുന്നതിനായി ₹44 കോടിയും ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമത്തിനായി ₹26.47 കോടിയും അനുവദിച്ചു. ലോട്ടറി മേഖലയിലെ ഉത്സവ ബോണസ് ₹1,000 വർധിപ്പിച്ച് സജീവ ഏജന്റുമാർക്ക് ₹8,500ഉം പെൻഷൻകാർക്ക് ₹3,750ഉം ലഭിക്കും. എൻഡോസൾഫാൻ ദുരിതബാധിതരുടെ 'സ്നേഹസാന്ത്വനം' പദ്ധതിക്കായി ₹14.40 കോടിയും അനുവദിച്ചിട്ടുണ്ട്.