
ചാലിശ്ശേരി: തൃത്താല വിദ്യാഭ്യാസ ഉപജില്ലാ ഗെയിംസിലെ ഫുട്ബോൾ മത്സരത്തിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ ചാമ്പ്യന്മാരായ ചാലിശ്ശേരി, സബ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും സീനിയർ വിഭാഗത്തിൽ നാലാം സ്ഥാനവും നേടി.
പെരിങ്ങോട് സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിലെ മികച്ച ടീമുകളാണ് മാറ്റുരച്ചത്. മികച്ച പോരാട്ടവീര്യവും ഒത്തിണക്കമുള്ള ടീം പ്രകടനവും പുറത്തെടുത്ത ചാലിശ്ശേരി താരങ്ങൾ ജൂനിയർ വിഭാഗത്തിൽ കിരീടം സ്വന്തമാക്കുകയായിരുന്നു. സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് യഥാക്രമം മൂന്നാം സ്ഥാനവും നാലാം സ്ഥാനവും നേടിയത്.
ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപിക ഷക്കീല മുഹമ്മദ്, വിപിൻ, കോച്ചുമാരായ നബീൽ, മിഥിലാജ് എന്നിവരുടെ നേതൃത്വത്തിലുള്ള നിരന്തര പരിശീലനവും കഠിനാധ്വാനവുമാണ് ടീമിന്റെ മികച്ച നേട്ടത്തിന് പിന്നിൽ. വിജയികളെ തൃത്താല എ.ഇ.ഒ. കെ. പ്രസാദും സ്കൂൾ പി.ടി.എയും അഭിനന്ദിച്ചു..