
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി.) നിർദേശം നൽകി. ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്.
സമീപകാലത്ത് ചില പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുകയും അവയുടെ റീൽസും വീഡിയോകളും ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പോലീസിന്റെ നിഷ്പക്ഷതയെ സംബന്ധിച്ച ആശങ്കകൾ ഉയർത്തിയ സാഹചര്യത്തിലാണ് നടപടി.
ഔദ്യോഗികമായി ക്രമസമാധാന പാലനത്തിന്റെ ഭാഗമായല്ലാതെ യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള എല്ലാവർക്കും ബാധകമായാണ് ഡി.ജി.പി. നിർദേശം നൽകിയിരിക്കുന്നത്.