
കൂറ്റനാട്: വായനാവാരാചരണത്തിന്റെ ഭാഗമായി ചാലിശ്ശേരി ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും വായനാ മാരത്തോണും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുകയും പുസ്തകങ്ങളോടുള്ള താൽപര്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലാ വീരാൻകുട്ടി നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു അധ്യക്ഷത വഹിച്ചു. വായനാവാരാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി നടത്തിയ രചനാമത്സരത്തിൽ നിന്നുള്ള സൃഷ്ടികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘മഴയോർമ്മകൾ’ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനവും മാരത്തോൺ വായനയുടെ ഉദ്ഘാടനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. പ്രസാദ് നിർവഹിച്ചു.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു, പഞ്ചായത്ത് അംഗങ്ങളായ വിജയൻ, സന്ധ്യ, പി.ടി.എ വൈസ് പ്രസിഡന്റ് അനീഷ് തോലത്ത്, സി.ആർ.സി കോ-ഓർഡിനേറ്റർ ബേബി ശാലിനി, വിശാലാക്ഷി, സ്‌കൂൾ പ്രധാനാധ്യാപകൻ ഇ. ബാലകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ഷീമ വി.ജെ എന്നിവർ സംസാരിച്ചു. വായനയുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.