"ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര"; സാമ്പത്തിക ബാധ്യതയെ കുറിച്ച് ആശങ്ക വേണ്ടെന്ന് സി.പി. ജോൺ

തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി യാത്ര ജൂൺ 15ന് തന്നെ നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ. പത്താം തീയതി നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പറയാം. 100 ദിവസം പഠിച്ച ശേഷം രണ്ടാംഘട്ടം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. സൗജന്യ യാത്രയെ കുറിച്ച് ജീവനക്കാർക്ക് ആശങ്ക വേണ്ട. കെഎസ്ആർടിസിയുടെ നഷ്ടം പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്ജെൻഡർമാർക്കും സൗജന്യ യാത്ര ഒരുക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

ഓർഡിനറിയിൽ സൗജന്യ യാത്ര നടപ്പിലാക്കിയാൽ വർഷം 712 കോടി വേണ്ടി വരും. മൊത്തം ബസുകളിലാണെങ്കിൽ 1300 കോടിയുടെ ചെലവാണ് വരുകയെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പിലാക്കിയാൽ യാത്രക്കാരിൽ വലിയ രീതിയിൽ വർധനവ് ഉണ്ടാവുമെന്ന ചോദ്യത്തോട് എല്ലാം പറയാമെന്ന മറുപടിയാണ് മന്ത്രി നൽകിയത്.

കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര നല്‍കുമ്പോള്‍ അത് സ്വകാര്യ ബസുകളെ കൂടെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. സ്ത്രീകളുടെ സൗജന്യയാത്രക്കെതിരെ സ്വകാര്യ ബസുടമകള്‍ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നടപ്പായാല്‍ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അടക്കം ഒഴിവാക്കാനുള്ള ആവശ്യവും ഇതിനകം സ്വകാര്യ ബസ് ഉടമകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം