പാലക്കാട് ജില്ലയിൽ വോട്ടെണ്ണല്‍ ദിനത്തില്‍ സുരക്ഷയ്ക്കായി പൊലീസ് സേനയെ സജ്ജമാക്കി

വോട്ടെണ്ണല്‍ ദിനത്തില്‍ കനത്ത സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി. ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പട്രോളിങ്ങിനുമുള്‍പ്പടെ 2150 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയമിക്കുക. സ്‌ട്രോങ്ങ് റൂം സുരക്ഷക്കായി നൂറോളം കേന്ദ്ര സേനാംഗങ്ങളെയും നിയമിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ ചുമതല നിര്‍വഹിച്ചു വരുന്നുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പ്രവേശന കവാടം, പരിസരങ്ങള്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലം, കൗണ്ടിംഗ് ഹാള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് നിരീക്ഷണമുണ്ടാവും. 13 ഡി.വൈ.എസ്.പിമാര്‍, 60 സി.ഐ മാര്‍, 300 ഓളം എസ്.ഐമാര്‍, 1800 ഓളം സി.പി.ഒ മാർ എന്നിങ്ങനെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും ഡി.വൈ.എസ്.പി മാര്‍ക്കാണ് സുരക്ഷാ ചുമതല. 

പാലക്കാട് വിക്ടോറിയ കോളേജ്, അകത്തേത്തറ എന്‍.എസ്.എസ് കോളേജ്, പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ 300 വീതം പേരെയും നിയോഗിച്ചിട്ടുണ്ട്. മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ പട്രോളിങ്ങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പൊലീസ് നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം