മെയ് 4-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലും ഫലപ്രഖ്യാപനത്തിന്റെയും ഭാഗമായി ജില്ലയിൽ ക്രമസമാധാന പരിപാലനം ഉറപ്പാക്കുന്നതിന് പടക്കനിർമാണ- വിൽപനശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിട്ടു. മെയ് 3, 4, 5 തീയതികളിലാണ് നിയന്ത്രണം. പൊതുജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്നതിനും ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും പടക്കങ്ങളുടെ നിർമാണം, സംഭരണം, വിൽപന എന്നിവ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന സാഹചര്യം കണക്കിലെടുത്ത് ബി എൻ എസ് എസ് സെക്ഷൻ 163 പ്രകാരം ജില്ലയിലെ മുഴുവൻ പടക്കനിർമാണ- വിൽപ്പനശാലകളുടേയും പ്രവർത്തനങ്ങൾക്കാണ് വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ജില്ലയിലെ മുഴുവൻ പടക്ക നിർമാണ- വിൽപനശാലകളും (Licenced Premises) മെയ് 3, 4, 5 തീയതികളിൽ പൂർണമായും അടച്ചുപൂട്ടേണ്ടതാണ്. ഈ ദിവസങ്ങളിൽ യാതൊരു കാരണവശാലും പടക്കങ്ങളുടെ വിൽപനയോ കൈമാറ്റമോ നടത്താൻ പാടില്ല. വിജയാഹ്ലാദ പ്രകടനങ്ങളിലോ മറ്റ് പൊതു പരിപാടികളിലോ പടക്കം പൊട്ടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
തഹസിൽദാർമാരും പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരും തങ്ങളുടെ പരിധിയിലുള്ള സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
