
ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവന്ന നാരായണീയ സപ്താഹ യജ്ഞത്തിന്റെ സമാപനവും കഥകളിയും ഭക്തിപൂർവ്വം അരങ്ങേറി. സപ്താഹ സമാപന ദിനത്തിൽ രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടന്നു. തുടർന്ന് ഉച്ചയ്ക്ക് യജ്ഞാചാര്യൻ തോട്ടം നീലകണ്ഠൻ നമ്പൂതിരിയും ഉപാചാര്യൻ മുതുവറ ദിവാകരൻ നമ്പൂതിരിയും സപ്താഹ മണ്ഡപത്തിൽ ഭക്തജനങ്ങൾക്ക് പ്രസാദം വിതരണം ചെയ്തതോടെ ഏഴു ദിവസത്തെ സപ്താഹത്തിന് സമാപനം കുറിച്ചു.
സമാപന ദിവസത്തെ ഉച്ചയ്ക്കുശേഷം കുട്ടികളുടെ നൃത്തനൃത്യങ്ങൾ, കൃഷ്ണകൃപ തുടങ്ങിയ സംഘങ്ങളുടെ തിരുവാതിരക്കളി എന്നിവ നടന്നു. ദീപാരാധനയ്ക്ക് ശേഷം സാംസ്കാരിക സന്ധ്യയിൽ ടീം രസാനന്ദയുടെ നേതൃത്വത്തിൽ കലാനിലയം ഡോ. പാഴൂർ ദാമോദരൻ നമ്പൂതിരി അവതരിപ്പിച്ച “രുഗ്മാംഗദ ചരിതം” കഥകളി അരങ്ങേറി. രുഗ്മാംഗദനായി ഡോ. പാഴൂർ ദാമോദരൻ നമ്പൂതിരി, മോഹിനിയായി കലാമണ്ഡലം വൈവസ്വതമനു, ബ്രാഹ്മണർ ആയി കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം അഭിഷേക്, ധർമ്മംഗദനായി കുമാരി എസ് ഭദ്ര, വിഷ്ണുവായി മാസ്റ്റർ ആര്യൻ എന്നിവർ വേഷമിട്ടു.
പാട്ട് കലാ വിശ്വാസ്, ഹരിശങ്കർ കണ്ണമംഗലം എന്നിവർ കൈകാര്യം ചെയ്തു. ചെണ്ട കലാ നിതിൻ കൃഷ്ണയും മദ്ദളം കലാമണ്ഡലം പ്രശാന്തും അവതരിപ്പിച്ചു. ചുട്ടി കലാ വൈശാഖ്, അണിയറ പ്രവർത്തനങ്ങൾ ശ്യാം മനോഹർ & ടീം, കോപ്പ് രംഗപൂഷ ഇരിങ്ങാലക്കുട എന്നിവരും ചേർന്നാണ് പരിപാടി വിജയകരമാക്കിയത്. സപ്താഹം ആരംഭിച്ചതുമുതൽ ഏഴു ദിവസവും ക്ഷേത്രത്തിൽ പങ്കെടുക്കുന്നവർക്ക് വാതാലയം ട്രസ്റ്റിന്റെയും ഭക്തജനങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകുന്നേരം ചായ എന്നിവ ഒരുക്കിയിരുന്നു.