ന്യൂഡൽഹി | കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് മാറ്റാനുള്ള നിർണ്ണായക തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന കേരള നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള ശുപാർശ പരിഗണിച്ചാണ് ഈ നടപടി. പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിന് അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണമെന്ന ഈ സുപ്രധാന ആവശ്യമാണ് കേന്ദ്രം ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.
രാജ്യത്തെ റെയിൽവേ, വ്യോമയാന മേഖലകളിലായി 12,236 കോടി രൂപയുടെ വികസന പദ്ധതികൾക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടി. ഗോണ്ടിയ-ജബൽപൂർ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കൽ, ബീഹാറിലെ പുനരഖ്-കിയൂൾ, ജാർഖണ്ഡിലെ ഗംഹാരിയ-ചാന്ദിൽ പാതകളിൽ മൂന്നും നാലും ലൈനുകൾ നിർമ്മിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശ്രീനഗറിൽ പുതിയ സംയോജിത എയർപോർട്ട് ടെർമിനൽ നിർമ്മിക്കാനും അഹമ്മദാബാദ് മെട്രോ റെയിൽ വിപുലീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഊർജ്ജ മേഖലയിലെ പ്രധാന നയപരമായ തീരുമാനങ്ങൾക്കൊപ്പം ചണത്തിന്റെ താങ്ങുവില സംബന്ധിച്ച കാര്യത്തിലും യോഗം ധാരണയിലെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മുൻഗണന നൽകുന്ന രണ്ട് പ്രധാന നയപരമായ തീരുമാനങ്ങളും ഇതിനൊപ്പം കൈക്കൊണ്ടതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
