ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നരമണിക്കൂറിലേറെയാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
അതേസമയം എട്ടാംദിനവും രാഹുൽ മാങ്കൂട്ടത്തി ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്നതുവരെ രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് കെപിസിസി നേതൃത്വം. മുതിർന്ന നേതാക്കളും ഹൈക്കമാന്റും നടപടിയെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും ജാമ്യാപേക്ഷയിൽ തീരുമാനം വരട്ടെ എന്നാണ് കെപിസിസി വർക്കിങ് പ്രസിഡന്റുമാരുടെ നിലപാട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും ഈ നിലപാടിനോട് യോജിപ്പാണ്. മുൻകൂർ ജാമ്യാപേക്ഷ ലഭിച്ചാൽ നടപടി ഒഴിവാക്കാമെന്ന ലക്ഷ്യത്തിലാണ് വർക്കിങ് പ്രസിഡന്റുമാർ നടപടി നീട്ടിവെക്കാൻ പ്രേരിപ്പിക്കുന്നത്.
രണ്ടാമത്തെ പരാതിയിൽ കേസെടുത്തിട്ടും വർക്കിങ് പ്രസിഡന്റുമാരുടെ നിലപാടിൽ മാറ്റമില്ല.എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നടപടി വൈകരുതെന്നാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം.
