ന്യൂഡല്‍ഹി: സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം മന്ത്രാലയം പിൻവലിച്ചു. ആപ്ലിക്കേഷന്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല എന്നാണ് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്. ആപ്ലിക്കേഷന്റെ സ്വീകാര്യത വര്‍ദ്ധിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഉത്തരവ് പിന്‍വലിച്ചതെന്ന് ടെലികോം മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സഞ്ചാര്‍ സാഥി ആപ്പിലൂടെ പൗരന്മാരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.
സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ഇതിനിന് പിന്നാലെയാണ് ആപ്പ് നിര്‍ബന്ധമല്ല എന്ന് കേന്ദ്രം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കളില്‍ പലരും ആപ്പ് നിര്‍ബന്ധമാക്കിയതിനെതിരെ രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് കെ സി വേണുഗോപാലും പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചത്. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിതെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. പെഗാസെസ് അടക്കമുള്ളവ നമുക്ക് മുന്നിലുള്ള ഉദാഹരണമാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
സഞ്ചാര്‍ സാഥി ആപ്പ് എല്ലാ ഫോണുകളിലും പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മൂന്ന് മാസത്തിനുള്ളില്‍ ഈ പദ്ധതി നടപ്പിലാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ നിര്‍മാതാക്കോളോട് ആവശ്യപ്പെട്ടിരുന്നത്. ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, ഷവോമി എന്നീ കമ്പനികൾക്ക് മുന്നിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചത്. സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് ഈ ആപ്പ് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
