
മഞ്ചേരി: കിഴിശ്ശേരി പൂക്കളത്തൂരിൽ ദാരുണ സംഭവം. ഒരു വയസ്സുകാരൻ മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരണപ്പെട്ടത് പ്രദേശത്ത് നൊമ്പരമുണർത്തി. പൂപ്പറ്റ പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുൻ (1) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പാണ് കുഞ്ഞിനെ കടിച്ചത്. കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തേക്കോടിയപ്പോൾ കുട്ടിക്ക് പാമ്പു കടിയേറ്റതാണെന്ന് മനസ്സിലായി.
അർജുനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശവാസികളെയും ബന്ധുക്കളെയും ഞെട്ടിക്കുന്ന ദുരന്തമായിരുന്നു കുഞ്ഞിന്റെ മരണം.