ഇനി കേവല ദാരിദ്ര്യവിമുക്ത കേരളം; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. ദരിദ്രരില്ലാത്ത കേരളത്തിന് ഊന്നൽ നൽകുന്ന ഇടതുമുന്നണിയുടെ പ്രകടന പത്രിക എകെജി സെന്ററിൽ നടന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പുറത്തിറക്കിയത്.

എല്ലാവർക്കും ക്ഷേമവും വികസനവും ഉറപ്പുനൽകുമെന്ന് പ്രഖ്യാപിക്കുന്നതാണ് പ്രകടനപത്രിക. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേവല ദാരിദ്ര്യ നിർമാർജന പദ്ധതിയുൾപ്പടെ പ്രകടനപത്രികയിൽ പരാമർശിക്കുന്നുണ്ട്. കേരളത്തെ സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകൾ ആരംഭിക്കുകയും ചെയ്യും. എല്ലാവർക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും എന്നീ കാര്യങ്ങളെല്ലാം പ്രകടനപത്രികയിലുണ്ട്.

തെരുവ് നായ ശല്യം പരിഹരിക്കാൻ പ്രത്യേക ഷെൽട്ടറുകൾ തുടങ്ങും. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കീഴിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാർപ്പിക്കാനുള്ള സങ്കേതങ്ങൾ ഒരുക്കും. 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ച് വർഷം കൊണ്ട് തൊഴിൽ നൽകും.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭവനരഹിതർക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വീട് നൽകും. വിദ്യാഭ്യാസ മേഖലയിൽ അഞ്ച് വർഷം കൊണ്ട് ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ ഒന്നാമതെത്തിക്കും. മിനിമം മാർക്ക് നടപ്പിലാക്കാൻ വിപുലമായ പഠന പിന്തുണ പ്രസ്ഥാനം സൃഷ്ടിക്കും. തീര ദേശങ്ങളിൽ കടലിന്റെ 50 മീറ്റർ പരിധിയിൽ വസിക്കുന്ന എല്ലാവർക്കും പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരധിവാസം ഉറപ്പാക്കും.കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വർഷം പൂർത്തിയാകും മുമ്പ് മൂന്ന് ലക്ഷം തൊഴിൽ നൽകും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്.

അതേസമയം ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ വിമർശനങ്ങളും പ്രകടനപത്രികയിലുണ്ട്. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിൽവന്നതും അധികാരം നിലനിർത്താൻ ശ്രമിക്കുന്നതുമെന്ന് പത്രികയിൽ പറയുന്നു. കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും പോലുള്ള തീവ്രവാദ ശക്തികളുമായി ബാന്ധവത്തിലാണ്. സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. നിയോ ലിബറൽ നയങ്ങൾക്കു തുടക്കം കുറിച്ചത് കോൺഗ്രസാണ്. ആ നയങ്ങൾ പൂർവ്വാധികം ശക്തമായി ബിജെപി മുന്നോട്ടുകൊണ്ടുപോവുകയാണെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

കേരളത്തിന്റെ മലയോരമേഖലയിൽ ഏറ്റവും ഗൗരവമേറിയ പ്രശ്‌നം മനുഷ്യ -വന്യജീവി സംഘർഷമാണ്. ആ പ്രശ്‌നത്തിൽ ഫലപ്രദമായ ഇടപെടലാണ് കേരള സർക്കാർ നിയമനിർമാണത്തിലൂടെ നടപ്പാക്കാൻ ശ്രമിച്ചത്. പക്ഷേ ആ നിയമം നിർമിച്ചെങ്കിലും അത് ഗവർണർ അംഗീകരിക്കപ്പെടുന്ന നിലയിലേക്ക് എത്തിച്ചേർന്നിട്ടില്ലെന്ന് പ്രകടന പത്രികയിൽ പറയുന്നുണ്ടെന്നും അതിനുള്ള പരിശ്രമം തുടരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം