മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗം; വീക്ഷണത്തെ തള്ളി വി ഡി സതീശന്‍

തിരുവനന്തപുരം | ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി മുഖപ്രസംഗം പ്രസിദ്ധീകരിച്ച പാര്‍ട്ടി മുഖപത്രമായ വീക്ഷണത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലിനെതിരായ പാര്‍ട്ടി നടപടി കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണ്. കെ പി സി സി പ്രസിഡന്റ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ വിഷയം വീണ്ടും സി പി എം ഉന്നയിക്കുന്നത് ശബരിമലക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്നും സതീശന്‍ പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. വീക്ഷണം പത്രത്തില്‍ വന്ന ലേഖനങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കും. കണ്ണൂര്‍, കാസര്‍കോട് എംപിമാര്‍ തമ്മിലുളള ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചു വരികയാണ്. ശബരിമല സ്വര്‍ണ കവര്‍ച്ച കേസില്‍ പിടിക്കപ്പെട്ടവരും ജയിലില്‍ കഴിയുന്നവരുമായ സി പി എം നേതാക്കളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖപ്രസംഗത്തിനെതിരെ കെ മുരളീധരനും രംഗത്തെത്തി. പത്രത്തിന് അതിന്റെതായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും പാര്‍ട്ടിയുടെ നയത്തിന് എതിരായി എഴുതരുത്. മുകേഷും രാഹുലും ചെയ്ത പ്രവൃത്തി ഒന്നാണ്. നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോണ്‍ഗ്രസ് തിരിച്ചെടുക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം