
പട്ടാമ്പി: പട്ടാമ്പി–വളാഞ്ചേരി റൂട്ടിലെ തിരുവേഗപ്പുറ പാലത്തിൽ അപകടകരമായ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇന്ന് രാത്രി മുതൽ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. ചെറുവാഹനങ്ങൾക്ക് മാത്രമേ പാലം വഴിയായി കടത്തിവിടൂ.
ഇന്ന് ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. രണ്ട് മീറ്ററിൽ കൂടുതലുള്ള ഉയരമുള്ള വാഹനങ്ങൾ കടത്തിവിടാതിരിക്കാൻ അർദ്ധരാത്രി മുതൽ ക്രോസ്‌ബാർ സ്ഥാപിക്കും. നാളെ രാവിലെ മുതൽ വലിയ വാഹനങ്ങളൊന്നും പാലത്തിലൂടെ പോകാനാകില്ല. പാലത്തിന് ഇരു വശങ്ങളിലും ബസ് സർവീസുകളും താൽക്കാലികമായി നിർത്തിവെക്കും.
ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. കാൽനടയാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കും. പാലം സുരക്ഷാ അതോറിറ്റി അടിയന്തിരമായി സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും, പുതിയ പാലം നിർമ്മിക്കാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും യോഗത്തിൽ തീരുമാനമായി.