പാലക്കാട് നെൻമാറ കയറാടി സ്വദേശി മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം. കാലങ്ങളായി പശുവിനെ കറന്ന് വിറ്റാണ് മീരാൻ സാഹിബ് ഉപജീവനം നടത്തിയിരുന്നത്. പതിവുപോലെ പശുക്കളെ കറക്കാനായി തൊഴുത്തിലേക്ക് പോയതായിരുന്നു.
തൊഴുത്തിൻ്റെ അവസ്ഥ മോശമായിരുന്നു. തൊട്ടടുത്ത് പുതിയ തൊഴുത്തിൻ്റെ പ്രവർത്തനം നടക്കുന്നുണ്ട്. പശുവിനെ കറക്കുന്ന സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. കാറ്റിൽ മറിഞ്ഞ മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ സിമൻ്റ് കട്ട കൊണ്ട് നിർമ്മിച്ച തൂൺ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ വീട്ടുകാരും അയൽക്കാരും മീരാനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അടിപ്പെരണ്ട ക്ഷീരോൽപ്പാദക സംഘം മുൻ ജീവനക്കാരനാണ്. നെന്മാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
