ബിഹാര്‍ മാതൃകയില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടി കേരളത്തിലും; ഒരുക്കങ്ങളിലേക്ക് കടന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാര്‍ മാതൃകയില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടി കേരളത്തിലും വരികയാണ്. അടുത്ത മാസം ആരംഭിക്കാനുള്ള ഒരുക്കങ്ങളിലേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കടന്നു കഴിഞ്ഞു. കേന്ദ്ര കമ്മീഷന്‍ അനുമതി വന്നാല്‍ ഉടന്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും.

എസ്ഐആര്‍ നടപ്പാക്കും മുന്‍പ് വിവാദങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചേക്കുമെന്നും വിവരമുണ്ട്. ഈ മാസം 20ന് ഈ യോഗം ചേരുമെന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍കര്‍. ബിഹാറില്‍ എസ്‌ഐആര്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ കേരളവും മറ്റ് സംസ്ഥാനങ്ങളും ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നുവെന്ന് ഖേല്‍കര്‍ വെളിപ്പെടുത്തി. 2002 ലെ എസ്‌ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക ഞങ്ങളുടെ വെബ്സൈറ്റില്‍ ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്. എസ്‌ഐആര്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി, സെപ്റ്റംബര്‍ 20 ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ ഒരു യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം വന്നാലുടന്‍ എസ്‌ഐആര്‍ ആരംഭിക്കാന്‍ സാധിക്കും- ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

യോഗ്യരായ ഒരു വോട്ടര്‍മാരും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അതുകൊണ്ടുതന്നെ പ്രവാസികളുള്‍പ്പടെയുള്ള വോട്ടര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഖേല്‍ക്കര്‍. ബൂത്ത് തല വിവരശേഖരണത്തം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഗ്രൂപ്പ്-സി ലെവല്‍ തസ്തികകളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കഴിയുന്നത്രയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി നിയമിക്കുമെന്നും പറഞ്ഞു. ഡാറ്റ ഇലക്ട്രോണിക്കായും ഫിസിക്കലായും പരിശോധിക്കുകയും ചെയ്യും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം