*പത്തനംതിട്ട:* ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എൻ എസ് എസും എസ് എൻ ഡി പിയും ഉൾപ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിൻ്റെ സൂചനയെന്ന വിലയിരുത്തലിലാണ് സർക്കാർ.
കൈതപ്രത്തിൻ്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസാ സന്ദേശം ദേവസ്വം മന്ത്രി വിഎൻ വാസവൻ അഭിമാനപൂർവം വേദിയിൽ വായിക്കുകയായിരുന്നു. ശബരിമല വികസനത്തിലൂന്നി ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി ഭക്തി ഒരു പരിവേഷമായി അണിയുന്നവർ അയ്യപ്പ സംഗമം തടയാൻ ശ്രമിച്ചെന്ന വിമർശനവും ഉയർത്തി. പിണറായി വിജയൻ നല്ല ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിലാണ് വെള്ളാപ്പള്ളി വേദിയിലെത്തിയത്.
തമിഴ്നാട്ടിൽ നിന്ന് എത്തിയ ശേഖർ ബാബുവും പളനിവേൽ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്ന് പരിപാടിക്കെത്തിയ മന്ത്രിമാർ. പ്രസംഗിക്കാൻ ക്ഷണിക്കാൻ വൈകിയെന്ന കാരണത്താൽ പളനിവേൽ ത്യാഗരാജൻ വേദിയിൽ നിന്ന് ഇറങ്ങി പോകാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളെ തുടർന്ന് സന്നിധാനത്തു നിന്ന് മാറ്റി നിർത്തപ്പെട്ട കണ്ഠരര് മോഹനനും അയ്യപ്പ സംഗമ വേദിയിലെ അയ്യപ്പവിഗ്രഹത്തിന് മുന്നിലെ വിളക്ക് തെളിയിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികൾ നടപ്പാക്കുമെന്നാണ് ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ അടുത്തമാസം രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്നും ഇതുസംബന്ധിച്ച ആശയവിനിമയം രാഷ്ട്രപതി ഭവൻ നടത്തിയതായും അദ്ദേഹം പറഞ്ഞു. തീയതി സംബന്ധിച്ച് പിന്നീട് വ്യക്തത ഉണ്ടാക്കും.