അര്‍ഹരായവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കുന്നതിനായി നിലവിലെ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ ഒരു മടിയും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പരുതൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് 8.25 ലക്ഷം ഹെക്ടര്‍ ഭൂമിയുടെ ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ റീ സര്‍വെ പൂര്‍ത്തിയാക്കിയ വില്ലേജ് ഓഫീസുകളില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ എന്ന റവന്യൂ സ്മാര്‍ട്ട് കാര്‍ഡുകള്‍ അവതരിപ്പിക്കും. രേഖകളുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ ക്യൂ നില്‍ക്കാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട് നമ്പറും ക്യൂആര്‍ കോഡും ചിപ്പും ഘടിപ്പിച്ച എടിഎം കാര്‍ഡിന്റെ വലിപ്പത്തിലുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ സഹായിക്കും. ഓരോരുത്തരുടെയും റവന്യൂ രേഖകള്‍ എല്ലാം ഉള്‍പ്പെടുത്തിയതായിരിക്കും ഈ കാര്‍ഡ്.
ഭൂമിയുടെ ക്രമവല്‍ക്കരണവുമായി ബന്ധപ്പെട്ട് 1939 ലെ സെറ്റില്‍മെന്റ് ആക്ട് ഭേദഗതി ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തൃത്താല മണ്ഡലത്തിലെ ഉന്നതികളില്‍ 40 വര്‍ഷത്തോളമായി പട്ടയം ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടയം നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഓരോ വകുപ്പും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് അതിവേഗ ഭരണ നിര്‍വഹണത്തിലുള്ള മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരളത്തില്‍ എങ്ങിനെയാണ് എല്ലാ തലങ്ങളിലും മാറ്റം ഉണ്ടാകുന്നതിന്റെ ഉദാഹരണമാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വില്ലേജ് ഓഫീസ് കെട്ടിടം. നവകേരളം എന്നത് എങ്ങിനെയാണ് പ്രാവര്‍ത്തികമാക്കുക എന്ന് കാണിക്കുന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളെന്നും മന്ത്രി പറഞ്ഞു.
വലിയ പദ്ധതികള്‍ കേരളത്തിലെന്നതുപോലെ തൃത്താല മണ്ഡലത്തിലും അത്ഭുതകരമായ രീതിയിലാണ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. താഴെ തട്ടില്‍ മുതല്‍ മാറ്റം ഉണ്ടെന്നും സര്‍ക്കാര്‍ ജനങ്ങളുടെ വിരല്‍ത്തുമ്പിലായിരിക്കുന്ന കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.