കൂറ്റനാട് : കഥയും കവിതയും ലോകത്തുണ്ടായത് മനുഷ്യനന്മക്കും, സംസ്കാരത്തിൻ്റ വളർച്ചക്കുമാണെന്ന് എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ. എഴുത്തുകാരേയും എഴുതാനാഗ്രഹിക്കുന്നവരേയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ പ്രാദേശിക എഴുത്തുകാരുടെ നേതൃത്വത്തിൽ രൂപവൽക്കരിച്ച പുതിയ സാംസ്കാരിക കൂട്ടായ്മയായ ഭൂമിക സാംസ്കാരിക സമിതിയുടെയും ഭൂമിക സാഹിത്യ മാസികയുടേയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ആലങ്കോട്.
സംസ്കാരതസമ്പന്നമായ സമൂഹത്തിൽ വിദ്വേഷങ്ങൾക്കും അസഹിഷ്ണുതക്കും ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തും വായനയുമെല്ലാം മനുഷ്യരെ ഒന്നിപ്പിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. കൂറ്റനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മക്ക് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക എഴുത്തുകാരാണ് നേതൃത്വം നൽകുന്നത്. കൂറ്റനാട് എം.ടി. വാസുദേവൻ നായർ നഗരിയിലാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കലാ, സാഹിത്യപ്രതിഭകൾ സംഗമിച്ചത്.
പ്രാദേശിക കവികൾ, കഥാകാരന്മാർ, ബാലസാഹിത്യകാരന്മാർ, ഗായകർ, അഭിനേതാക്കൾ, വിവിധ മേഖലകളിലുള്ള മറ്റു കലാകാരന്മാർ എന്നിവരെല്ലാം സമിതിയിൽ അംഗങ്ങളാണ്. ഭൂമിക സാസ്കാരിക സമിതി എല്ലാ മാസത്തിലും സമിതി അംഗങ്ങളെ മാത്രം ഉൾക്കൊള്ളിച്ച് ഭൂമിക എന്ന പേരിൽ പ്രിൻ്റഡ് മാഗസിൻ പ്രസിദ്ധീകരിക്കും. സമിതിയുടെ ഉദ്ഘാടനത്തോടൊപ്പം ഭൂമിക സാഹിത്യ മാസികയുടെ ആദ്യലക്കത്തിൻ്റെ പ്രകാശനവും ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു. മുൻ എംഎൽഎ വി.ടി.ബൽറാം മാഗസിൻ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡൻ്റ് കെ.കെ.ബഷീർ അധ്യക്ഷനായി. ഭൂമികയുടെ ആദ്യലക്കത്തിൽ എഴുതിയ പ്രാദേശിക എഴുത്തുകാരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
കപ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ, എഴുത്തുകാരായ ഹബീബ കുമ്പിടി, മാധ്യമപ്രവർത്തകൻ സി.മൂസ പെരിങ്ങോട്, വാദ്യ കലാകാരൻ കലാമണ്ഡലം ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി സമീന,കോട്ടയം സോമശേഖരൻ, സുഹ്റ തയ്യിൽ, വി.സി. മഹറൂഫ് ,എ.കെ. അസംഗൻ, വി.ടി ഉഷ മേഴത്തൂർ എന്നിവർ സംസാരിച്ചു.
.