നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തിൽ വീട്ടിൽ ദാക്ഷായണിയാണ്(68) വീട്ടുകിണറ്റിൽ വീണത്.ഇന്നലെ കാലത്ത് ഏഴ് മണിയോടെയാണ് ഇവരെ കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുന്നത്. ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ഏറെ നേരമായി വെള്ളത്തിൽ വീണ് കിടക്കുന്ന ദാക്ഷായനിയെ കിണറിന് പുറത്തെത്തിക്കാനായി നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു.
ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോവാതിരിക്കാനായി പ്രദേശവാസി കൽപ്പാലത്തിങ്കൽ ഭാസ്കരൻ കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി. ഈ സമയങ്ങളിലൊന്നും ഇവർക്ക് ജീവനുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല.
തുടർന്നു 8 മണിയോടെ ഫയർഫോഴ്സ് എത്തി ശരീരം മുകളിലേക്ക് കയറ്റുന്നതിനിടെയാണ് വയോധികയുടെ കൺപോളയിലെ ഇളക്കം ശ്രദ്ധയിൽപ്പെടുന്നതും ജീവൻ നിലനിൽക്കുന്നുണ്ടെന്ന് മനസിലാവുന്നതും. ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ചികിത്സയിൽ തുടരുന്ന ദാക്ഷായനി ഞായറാഴ്ച ഉച്ചയോടെ തന്നെ അപകട നില തരണം ചെയ്തു. മണിക്കൂറുകളോളം നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടന്നിട്ടും ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടതിൻ്റെ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും രക്ഷാപ്രവർത്തകരുമെല്ലാം. അതേ സമയം ഇവർ എങ്ങനെ കിണറിൽ വീണു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.