വിദ്യാർഥികളുടെ കൺസെഷൻ അഞ്ചു രൂപയാക്കുക, അർഹതപ്പെട്ടവർക്കു മാത്രമായി കൺസെഷൻ പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകൾ നടത്തുന്ന പണിമുടക്ക് പൂർണം. വിദ്യാർഥികളും തൊഴിലാളികളും അടക്കമുള്ള യാത്രക്കാർ വലഞ്ഞു. സർവിസ് നടത്തിയ മിക്ക കെ.എസ്.ആർ.ടി.സി ബസുകളിലും കാലുകുത്താൻ ഇടമില്ലാത്തവിധം തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നലെ ട്രാൻസ്പോർട്ട് കമീഷണറുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടുപോകുന്നത്. വിദ്യാർഥികളുടെ കൺസെഷൻ അഞ്ചു രൂപയാക്കുക, അർഹതപ്പെട്ടവർക്കു മാത്രമായി കൺസെഷൻ പരിമിതപ്പെടുത്തുക, ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചനാപണിമുടക്കും ജൂലൈ 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകൾ പറഞ്ഞു. എന്നാൽ, അനാവശ്യസമരമാണ് ബസ്സുടമകൾ നടത്തുന്നതെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞു. ‘ജി.പി.എസും സ്പീഡ് ഗവർണറും ഒഴിവാക്കാനാണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് നടപ്പില്ല. വിദ്യാർഥികളുടെ കൺസെഷൻ വിഷയത്തിൽ കൂടുതൽ ചർച്ചയുണ്ടാകും. വിദ്യാർഥി യൂനിയനുകളുമായി ഇക്കാര്യത്തിൽ ചർച്ചയുണ്ടാകും’ -അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, കേന്ദ്രസർക്കാറിന്റെ തൊഴിൽദ്രോഹ, കർഷകവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി സംയുക്ത ട്രേഡ് യൂനിയൻ പ്രഖ്യാപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ഇതോടെ ഫലത്തിൽ രണ്ടുദിവസവും സ്വകാര്യബസുകൾ നിരത്തിലിറങ്ങില്ല. ലേബർ കോഡുകൾ പിൻവലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലാ ഓഹരി വിൽപന അവസാനിപ്പിക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9,000 രൂപയായും നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയർത്തിയാണ് പൊതുപണിമുടക്ക്.
അതേസമയം, പൊതുപണിമുടക്ക് ദിനത്തിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ പറഞ്ഞത് വിവാദത്തിന് വഴിവെച്ചു. ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് നോട്ടീസ് നൽകിയിട്ടില്ലെന്നും കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും ഗതാഗത മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയെ തള്ളി വിവിധ കെ.എസ്.ആർ.ടി.സി യൂനിയകൾ രംഗത്തെത്തി. പണിമുടക്കുമെന്ന് ഐ.എൻ.ടി.യു.സി അറിയിച്ചപ്പോൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നായിരുന്നു സി.ഐ.ടു.യു മറുപടി.
രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിൽ കർഷകർ, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാജീവനക്കാരും ബാങ്കിങ്, ഇൻഷുറൻസ് ജീവനക്കാരും പങ്കെടുക്കും. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, സി.ഐ.ടി.യു, എ.യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. 25 കോടി തൊഴിലാളികൾ സമരത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യ ട്രേഡ് യൂനിയൻ കോൺഗ്രസ് പ്രതിനിധി അമർജിത് കൗർ പറഞ്ഞു. സി.പി.എം, സി.പി.ഐ തുടങ്ങിയ പാർട്ടികൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളി നേതാക്കൾ, സംയുക്ത കിസാൻ മോർച്ച, കാർഷിക തൊഴിലാളി സംഘടനകൾ എന്നിവയും പിന്തുണ അറിയിച്ചിട്ടുണ്ട്.