
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രാത്രികാല പെട്രോളിങ് ശക്തമാക്കും. ജില്ലാതലത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ടീം ഉണ്ടാക്കും. സബ് ഡിവിഷനിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലും സ്ട്രൈക്കിംഗ് ടീം വേണമെന്ന് നിർദ്ദേശമുണ്ട്. രാത്രി കാലങ്ങളിൽ സ്ട്രൈക്കിംഗ് ടീം പൂർണ്ണ സജ്ജമായിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഈ പ്രവർത്തനങ്ങൾ പ്രതിദിനം വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ ജൂൺ 28ന് തൃശ്ശൂരിൽ ആക്രമണം നടന്നിരുന്നു. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു പൊലീസിനെതിരെ ആക്രമണം നടന്നത്. നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഗ്രേഡ് എസ് ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ഒന്നിലേറെ പൊലീസ് വാഹനങ്ങൾ തകർന്നിരുന്നു.